പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ചേലൂർ പോത്തൻകുന്നിലെ ഉരുൾപൊട്ടൽ ഭീഷണി ഒഴിവാക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മണ്ണ് സംരക്ഷണ വകുപ്പ്. പ്രദേശം സന്ദർശിച്ച മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംഘമാണ് നിർദ്ദേശങ്ങൾ സജീവമായി പരിഗണിക്കുന്നത്.
കുന്നിന്റെ ചെങ്കുത്തായ ഭാഗത്തെ മണ്ണ് സ്ലോപ് കട്ടിംഗ് ചെയ്യണം. കട്ടിംഗ് നടത്തുമ്പോൾ ലഭ്യമാകുന്ന മണ്ണ് അടിഭാഗത്ത് കുന്നിനോട് ചേർത്ത് നിക്ഷേപിക്കണം. അത്തരം സ്ഥലങ്ങളിൽ രാമച്ചം, ഇഞ്ചിപ്പുല്ല് എന്നിവ വച്ച് പിടിപ്പിക്കണം. കുന്നിലെ മഴവെള്ളക്കുളങ്ങൾ ബന്ധിപ്പിച്ച് താഴേക്ക് സുരക്ഷിതമായി വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ കാന നിർമ്മിക്കണം. കല്ല് വെട്ടുന്നതിനോ മണ്ണു കൊണ്ടപോകുന്നതിനോ കരിങ്കൽ പൊട്ടിക്കുന്നതിനോ ഖനനാനുമതി ഗ്രാമപഞ്ചായത്തുകളും ജിയോളജി വകുപ്പും ഇനി നൽകാൻ പാടുള്ളതല്ല. കുന്നിന്റെ ഒരു ഭാഗത്തും നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകരുത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി സിന്ധു, അസിസ്റ്റന്റ് എൻജിനീയർ രമ്യ ശശിധരൻ എന്നിവർ മുന്നോട്ടുവച്ച ഈ നിബന്ധനകൾ സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് അടിയന്തരമായി നൽകാനും തീരുമാനിച്ചു. മഴ മാറുന്ന മുറയ്ക്ക് സ്ഥലം കൂടുതൽ പരിശോധിച്ച് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുന്നതിനും എം.എൽ.എ മണ്ണുസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വകുപ്പ് ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും സ്ഥല ഉടമസ്ഥരേയും വിളിച്ച് ചേർത്ത് പദ്ധതി നടപ്പാക്കും.
എളവള്ളി ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി, വാക സെമിത്തേരി, ടെലഫോൺ ടവർ, ഗ്യാസ് ഗോഡൗൺ, ചേലൂർ അതിർത്തി എന്നിവയുടെ പിൻഭാഗത്തുള്ള കുന്നിൻ ഭാഗമാണ് ഭീഷണി ഉയർത്തുന്നത്. കുന്നിലെ കല്ലുവെട്ടി വലിയ ഗർത്തങ്ങളായി കിടക്കുന്ന ഭാഗങ്ങളിൽ മഴവെള്ളം വർഷങ്ങളായി കെട്ടിക്കിടക്കുന്നത് അപകടസാദ്ധ്യത വർധിപ്പിക്കുന്നെന്നാണ് വിലയിരുത്തൽ. കുന്നിൻ ചെരുവ് കുത്തനെ 30 മീറ്ററോളം താഴ്ത്തിയതിനാൽ അടിഭാഗത്തെ മണ്ണ് ഉറപ്പു കുറയുന്നതിനും വെള്ളം നനയുന്നതിനാൽ പുറത്തേക്ക് തള്ളുന്നതിനും സാദ്ധ്യത ഏറെയാണ്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണഗോപാൽ, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, ചാവക്കാട് തഹസിൽദാർ എം.സന്ദീപ്, ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ്, പാവറട്ടി സർക്കിൾ ഇൻസ്‌പെക്ടർ എം.കെ.രമേശ് എന്നിവരും സ്ഥലം സന്ദർശിച്ചു.