valapad

തൃശൂർ : മഴയും വെള്ള പാച്ചിലും തുടരുന്ന ജില്ലയിലെ മലയോര മേഖലകളിൽ ആശങ്ക തുടരുകയാണ്. മലയിൽ ശക്തമായ മഴയാണ് ഇന്നലെ രാത്രിയും ഉണ്ടായത്. വാഴച്ചാൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ചാർപ്പ തോട്ടിൽ മലവെള്ളപ്പാച്ചിലും മലക്കപ്പാറ റോഡാകെ വെള്ളക്കെട്ടിലുമായി. ചാർപ്പ തോട് ആരംഭിക്കുന്ന പഞ്ഞനംകുത്ത് മലയിലാണ് ഉരുൾപൊട്ടിയതായി കരുതുന്നത്. വൻ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തിയതാണ് ഉരുൾപൊട്ടലാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ വനംവകുപ്പ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് മണിയോടെ ചാർപ്പ പാലത്തിന് മുകളിലൂടെയും വെള്ളം ചാടി. മലയിൽ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞുകവിഞ്ഞ് ചാർപ്പ തോട്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ വാഴച്ചാലിലേക്ക് വിനോദ സഞ്ചാരികൾ എത്താതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. അതിരപ്പിള്ളിയിലേക്കുള്ള പ്രവേശനം ഇന്നും നിരോധിച്ചിട്ടുണ്ട്. ചിമ്മിനി ഡാം പ്രദേശത്തും മഴ അതിശക്തമാണ്. എച്ചിപ്പാറ ഭാഗത്ത് മലവെള്ള പാച്ചിലുണ്ടായത് ഭീതി പരത്തുന്നുണ്ട്. ഡാമിന്റെ ഷട്ടറുകൾ ഇനിയും ഉയർത്താൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 22.5 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഉയർത്തുന്നതോടെ കുറുമാലി, കരുവന്നൂർ പുറകളിൽ ജലനിരപ്പ് ഉയരും . ഇപ്പോൾ തന്നെ പല ഭാഗങ്ങളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. അതേ സമയം വാഴാനി ഡാം പരിസരത്ത് മഴ കുറഞ്ഞതിനാൽ ഷട്ടറുകൾ ഒരിഞ്ച് വീണ്ടും താഴ്ത്തി. നിലവിൽ നാലു മീറ്റർ മാത്രമാണ് തുറന്നിക്കുന്നത്.

260 കുടുംബങ്ങൾ ക്യാമ്പുകളിൽ
ജില്ലയിൽ ഇന്ന് രാവിലെ ഉള്ള കണക്ക് പ്രകാരം 260 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 305 പുരുഷൻമാരും 372 സ്ത്രീകളും 172 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. മലയോര മേഖലകളിൽ മഴ ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കളക്ടറുടെ അഭ്യർത്ഥന. കളക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയ്യാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.