kuthiran

തൃശൂർ: തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആവർത്തിക്കുമ്പോൾ കുതിരാൻ ടണലിനെച്ചൊല്ലിയുളള ആശങ്കകളും ഏറുന്നു. ഇടത് ടണലിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്നാണ് തുരങ്കം നിർമിച്ച കരാർ കമ്പനി പ്രഗതി മുന്നറിയിപ്പ് നൽകുന്നത്.

ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴുമോ എന്ന ആശങ്ക വിദഗ്ദ്ധരും പങ്കുവെയ്ക്കുന്നുണ്ട്. ഉളളിൽ നേരിയതായി സിമന്റ് മിശ്രിതം സ്‌പ്രേ ചെയ്ത ഭാഗങ്ങളിലായിരുന്നു ചോർച്ച. ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺക്രീറ്റിംഗ് (ഗ്യാൻട്രി കോൺക്രീറ്റിംഗ്) ഇവിടെ ചെയ്തില്ലെന്നാണ് ആരോപണം. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാത മുഖ്യ കരാർകമ്പനിയായ കെ.എം.സി ഗ്യാൻട്രി കോൺക്രീറ്റിംഗ് ഒഴിവാക്കുകയായിരുന്നുവെന്നും പ്രഗതി പി.ആർ.ഒ. ശിവാനന്ദൻ പറയുന്നു.

ഗതാഗതത്തിന് തുറക്കുംമുമ്പ് തന്നെ മഴയിൽ ചോർച്ചയുണ്ടായിരുന്നു. പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കിയാണ് ചോർച്ച പരിഹരിച്ചതെന്ന് പറയുന്നു. മഴ കനത്തതോടെ മറ്റു പലഭാഗങ്ങളിൽനിന്നും വെള്ളം കിനിഞ്ഞിറങ്ങി. എന്നാൽ വലതു ടണൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം ഇടതുടണലിൽ പൂർണമായി ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തുമെന്നാണ് കരാർ കമ്പനിയുടെ വാഗ്ദാനം. അപകടസാദ്ധ്യതയുളള ഇടങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് പറയുന്നു. വെള്ളം ഊർന്നിറങ്ങി റോഡിൽ തെന്നിവീഴാതിരിക്കാൻ ചോർച്ചയുള്ള ഭാഗങ്ങളിൽ ഓരോ നാലുമണിക്കൂർ കൂടുമ്പോഴും വെള്ളം പൂർണമായും തുടച്ചുമാറ്റിയിരുന്നു. രണ്ടാമത്തെ ടണലിൽ കമാനാകൃതിയിൽ ഉരുക്കുപാളികൾ നിർമ്മിച്ചിട്ടുണ്ട്. കോൺക്രീറ്റിംഗ് കഴിഞ്ഞാൽ ഒന്നാമത്തെ ടണലിലും അറ്റകുറ്റപ്പണികൾ തുടങ്ങും. മദ്രാസ് ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ദ്ധസംഘം കുതിരാനിൽ പരിശോധന നടത്തിയശേഷം ദ്വാരങ്ങൾ നിർമിച്ച് പൈപ്പ് വഴി വെളളം അഴുക്കുചാലിൽ എത്തിക്കാനുളള ഒരുക്കങ്ങളും നടത്തിയിരുന്നു.

ആശങ്കകൾ:

16 വർഷം കഴിഞ്ഞിട്ടും...

കേരളത്തിലെ ആദ്യആറുവരിപ്പാത മണ്ണുത്തി-വടക്കഞ്ചേരി നിർമ്മാണത്തിനായി അന്തിമ വിജ്ഞാപനമിറക്കിയിട്ട് 16 വർഷം പൂർത്തിയാകുമ്പോഴും പണികൾ ഇനിയും ബാക്കി. 30 മാസത്തിനുള്ളിൽ ടണൽ അടക്കം പണി പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ രണ്ടാം ടണലും ആറുവരിപ്പാതയുടെ അനുബന്ധജോലികളും ബാക്കിയാണ്. എൻ.എച്ച് 47 എൻ.എച്ച് 544 ആയി മാറിയെന്നു മാത്രം. 16 വർഷത്തിനുള്ളിൽ ദേശീയപാതകൾ നിരവധി പൂർത്തിയായി. 514 കോടി രൂപയ്ക്കായിരുന്നു കരാർ. എസ്റ്റിമേറ്റ് തുക ഇപ്പോൾ 1020 കോടി രൂപ കവിഞ്ഞു.