തൃശൂർ: ജോധ്പൂരിൽ നടന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തിൽ കാലിക്കറ്റ് സർവകലാശാലാ ഗവേഷകർക്ക് അംഗീകാരം. തൃശൂർ സ്വദേശികളായ കെ.എച്ച്. ഹരിഷ്മയ്ക്കും വിഷ്ണു മോഹനുമാണ് നേട്ടം. മികച്ച പ്രബന്ധാവതരണത്തിനാണ് ഹരിഷ്മക്ക് അംഗീകാരം ലഭിച്ചത്. മികച്ച പോസ്റ്റർ അവതരണത്തിന് വിഷ്ണു മോഹനും നേട്ടം കൊയ്തു. ഇരുവരും സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ കീഴിൽ ഗവേഷണം നടത്തുന്നവരാണ്. കാശിത്തുമ്പ വർഗത്തിലെ വൈവിധ്യത്തെക്കുറിച്ചാണ് വിഷ്ണു പോസ്റ്ററിൽ പ്രതിപാദിച്ചത്. ഇന്ത്യയിലെ തെച്ചിവർഗത്തെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട പ്രബന്ധമാണ് ഹരിഷ്മ അവതരിപ്പിച്ചത്. സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തു.