തൃശൂർ: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് അദ്ധ്യാപകർ. വിദ്യാലയത്തിൽ തന്നെ നിർമ്മിക്കാവുന്ന തരത്തിൽ ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ പൂക്കളുടെയും ഹാൻഡ് വാഷുകളുടെയും പരിശീലന പരിപാടികൾ ജില്ലയിലുടനീളം നടക്കുന്നുണ്ട്. ഇതിനായുള്ള ഫണ്ട് സംസ്ഥാന സർക്കാർ വകയിരുത്തി.
ശാസ്ത്രതരംഗം കൺവീനർമാരുടെ നേതൃത്വത്തിലാണ് ഇവ നിർമ്മിക്കുക. കൺവീനർമാർക്കുള്ള ഏകദിന പരിശീലന പരിപാടി തൃശൂർ ഡയറ്റിൽ നടന്നു. അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക ഫസീലത്താണ് പൂക്കൾ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഹാൻഡ് വാഷ് നിർമ്മാണ പരിശീലനത്തിന് മാള ബി.ആർ.സിയിലെ അദ്ധ്യാപികയായ പി.വി രാധികയും നേതൃത്വം നൽകി. ക്ലാസ് മുറിയിൽ പ്രാവർത്തികമാകേണ്ട ശാസ്ത്രരംഗത്തിന്റെ വിവിധ സാധ്യതകളെ കുറിച്ചുള്ള വിശദമായ ചർച്ചയിൽ വിവിധ ഉപജില്ലകളിലെ കൺവീനർമാരും പങ്കാളികളായി. ഉപജില്ലാ തലത്തിലും അദ്ധ്യാപകർക്ക് പരിശീലനം നൽകും. ജില്ലാതല പരിശീലന പരിപാടിയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ശാസ്ത്രരംഗത്തിന്റെ ചുമതല വഹിക്കുന്ന ഡയറ്റ് ഫാക്കൽറ്റി പി. പ്രസി, സോഷ്യൽ സയൻസ് കൺവീനർ കെ.പി. സജയൻ, ശാസ്ത്രരംഗം ജില്ലാ കോ ഓഡിനേറ്റർ പി.വി. ഹൈദരലി എന്നിവർ പങ്കെടുത്തു.