കൊടുങ്ങല്ലൂർ: മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് നെഹ്‌റു യുവകേന്ദ്രയും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി ശുചിത്വഭാരതം മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന പേരിൽ അഴീക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക മ്യൂസിയത്തിൽ കാമ്പയിൻ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ക്ലീൻ ഇന്ത്യ ശുചിത്വഭാരതം എന്ന പേരിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്യുക, പൊതു സ്ഥാപനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ ശുചീകരണവും സൗന്ദര്യ വത്കരണവും നടത്തുക, കുളങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിവ വൃത്തിയാക്കുകയും മലിനമാകാതെ സൂക്ഷിക്കുകയും ചെയ്യുക എന്നീ പരിപാടികൾ സംഘടിപ്പിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നെഹ്രു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ എന്നിവ സംയുക്തമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്രു യുവകേന്ദ്ര ന്യൂഡൽഹി ജോയിന്റ് ഡയറക്ടർ ജെയിൻ ജോർജ് മുഖ്യാതിഥിയായി. മുസ്‌രിസ് പൈതൃക മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ എന്നിവർ സംസാരിച്ചു.