എരുമപ്പെട്ടി: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് ഫണ്ട് ആറര കോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പാഴിയോട്ടുമുറി- തണ്ടിലം റോഡിന്റെ നിർമ്മാണം 24 മുതൽ ആരംഭിക്കും. എ.സി മൊയ്തീൻ എം.എൽ.എ റോഡ് സന്ദർശിച്ച് പദ്ധതിയുടെ അവസാനഘട്ട വിലയിരുത്തൽ നടത്തി. കടങ്ങോട്-വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് അഞ്ചര കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കുന്ന റോഡിൽ 3000 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് കാനയും വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിലും തോന്നല്ലൂരുമുൾപ്പടെ മൂന്ന് കലുങ്ക് പാലങ്ങളും പുനർ നിർമ്മിക്കും. ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുമുണ്ടാക്കും. പുറമ്പോക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടിയാണ് റോഡ് നവീകരിക്കുന്നത്. പൊതുമരാമത്ത് വടക്കാഞ്ചേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ഐ സെബാസ്റ്റ്യൻ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി, വൈസ് പ്രസിഡന്റ് കർമ്മലാ ജോൺസൺ ഉൾപ്പടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.