വടക്കാഞ്ചേരി : 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി 19 പേർ മരിക്കാനിടയായ കുറാഞ്ചേരിയിൽ മഴ തുടർന്നാൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വേണ്ട ജാഗ്രത പാലിക്കാൻ വടക്കാഞ്ചേരി നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
കുറാഞ്ചേരിയുടെ പരിസരപ്രദേശമായ തെനം പറമ്പ് കോളനി നഗരസഭയുടെ അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. മഴ ശക്തമാകുകയും, നീണ്ടുനിൽക്കുകയുമാണെങ്കിൽ ഈ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കും.
കുറാഞ്ചേരിക്ക് പുറമേ ഉത്രാളിക്കാവിന് സമീപമുള്ള പരുത്തിപ്പാറ, നെല്ലിക്കുന്ന് കോളനി എന്നിവിടങ്ങളിലും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതായി കണ്ടെത്തി. ഇവിടെ താമസിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കാനും ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടു. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിൽ ഇതിനായി ഇടം കണ്ടെത്തി.
നഗരസഭയിൽ ആറംഗങ്ങൾ അടങ്ങുന്ന ദ്രുത കർമ്മ സംഘം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന സംഘം വേണ്ട മുൻകരുതലെടുക്കും. വെള്ളക്കെട്ടുകൾ ഒഴിവാക്കും. അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റും. നിലവിൽ മണ്ണിടിഞ്ഞ് വീണ് നാശം സംഭവിച്ചവർക്ക് വില്ലേജ് ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം നഷ്ടപരിഹാരം നൽകാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.