രാത്രിയിലെ കനത്ത മഴയിൽ നൂറോളം വീടുകൾ വെള്ളക്കെട്ടിൽ
കയ്പമംഗലം: രണ്ട് ദിവസമായി മഴ മാറി നിന്നെങ്കിലും ബുധനാഴ്ച രാത്രി പെയ്ത മഴയിൽ വീണ്ടും കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ നൂറോളം വിടുകളാണ് വെള്ളത്തിലായി. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ മഴ കനക്കുകയും, ഡാമുകൾ തുറന്ന് കനോലി കനാൽ നിറഞ്ഞ് കവിയുകയും ചെയ്തതോടെ പുഴയോരത്തുള്ള വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഈ ഭാഗത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പിലും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയിരുന്നു. കനോലി കനാലിൽ വീണ്ടും വെള്ളം പൊങ്ങിയതോടെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം കയറി. കാക്കാത്തിരുത്തി എൽ.ബി.എസ് കോളനി, ചളിങ്ങാട് കൂനിപറമ്പ് , കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മധുരം പുള്ളി, സിറാജ് നഗർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായിട്ടുള്ളത്. ഈ ഭാഗങ്ങളിൽ രണ്ടരയടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ചളിങ്ങാട് പോക്കാക്കില്ലത്ത് മജീദിന്റെ വീട്ടുമതിൽ വെള്ളക്കെട്ടിൽ തകർന്നുവീണു. കയ്പമംഗലം പഞ്ചായത്തിൽ 26 കുടുംബങ്ങളിൽ നിന്നായി 68 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. എടത്തിരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ 31 കുടുംബങ്ങളിൽ നിന്നായി 81 പേരുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ഡെപ്യൂട്ടി കളക്ടർ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.