ചന്ദ്രപ്രകാശും കുടുംബവും ആദിവാസികൾക്ക് ഭക്ഷണം വിളമ്പുന്നു.
വടക്കാഞ്ചേരി: മകളുടെ വിവാഹദിനത്തിൽ ആദിവാസി കോളനിയിൽ സദ്യയൊരുക്കി നൽകി പ്രവാസി മലയാളി ചിറ്റണ്ട സ്വദേശി ചന്ദ്രപ്രകാശ് ഇടമന. മകളുടെ വിവാഹത്തോടനുബന്ധിച്ച് വാഴാനി കാക്കിനിക്കാട് ആദിവാസി കോളനിയിലാണ് സദ്യയൊരുക്കി നൽകിയത്. കാക്കിനിക്കാട് പ്രദേശത്ത് ആന ഇറങ്ങുന്നതിനാൽ ആദിവാസി കുടുംബങ്ങൾ ഏറെ ദുരിതത്തിലാണ്. കാടുകളിൽ നിന്നും ശേഖരിക്കുന്ന തേനും ഔഷധ ചെടികളും വിറ്റാണ് ഇവരുടെ ഉപജീവനം. എന്നാൽ ആന ഇറങ്ങുമെന്ന പേടിയിൽ വനത്തിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇവരുടെ ദുരിതങ്ങൾ കേട്ടറിഞ്ഞാണ് പ്രവാസി മലയാളിയായ ചന്ദ്രപ്രകാശ് ഇടമന ആദിവാസികൾക്ക് സദ്യയൊരുക്കാൻ തീരുമാനിച്ചത്. മകളോടൊപ്പം കുടുംബവുമായെത്തിയാണ് ആദിവാസികൾക്ക് സദ്യ വിളമ്പി നൽകിയത്. ചന്ദ്രപ്രകാശിന് ആദിവാസി മൂപ്പൻ നന്ദി അറിയിച്ചു. ദുബായിലെ മലയാളികളുടെ സംഘടയായ ദുബായ് സുഹൃദ് സംഘത്തിലെ സജീവ പ്രവർത്തകനാണ് ചന്ദ്രപ്രകാശ് ഇടമന. സംഘടന വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.