തൃശൂർ: പട്ടാളം റോഡിൽ വൺവേ നടപ്പാക്കിയ പൊലീസിന്റെ പരീക്ഷണ പരിഷ്‌കാരം പിൻവലിക്കണമെന്നും ഇരു ഭാഗത്തേക്കും ഗതാഗത സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കോടികൾ ചെലവഴിച്ചും ഏറെ അദ്ധ്വാനം നടത്തിയും കുപ്പികഴുത്ത് പൊട്ടിച്ച് റോഡ് വീതി കൂട്ടിയത് ഇരുഭാഗത്തേക്കും ഗതാഗതം സാധ്യമാക്കാനാണ്. അത് തടസ്സപ്പെടുത്തുന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷനുമായി ആലോചിക്കാതെയുള്ള പൊലീസിന്റെ ഏകപക്ഷീയമായ ജനവിരുദ്ധ നടപടി ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഒ റോഡിൽ ബസുകൾ നിറുത്തിയിടാൻ അനവദിക്കാതെ ആളെ ഇറക്കാനും കയറ്റാനും മാത്രമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.