പാവറട്ടി: കാഞ്ഞാണി-ചാവക്കാട് റോഡിന്റെ പഞ്ചാരമുക്ക് വരെയുള്ള ഭാഗം നവംബർ 5ാം തീയതിക്കുള്ളിൽ അറ്റകുറ്റപണികൾ തീർക്കും. മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അമൃത് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കിയ ശേഷം മാത്രം ബാക്കിയുള്ളത് പൊളിച്ചാൽ മതിയെന്ന് എം.എൽ.എ കർശന നിർദ്ദേശം നൽകി. അടിയന്തരമായി അറ്റകുറ്റപണികൾ തീർക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാഞ്ഞാണി മുതൽ മുല്ലശ്ശേരി വരെയുള്ള റോഡ് ബി.എം.ബി.സി ചെയ്യുന്നതിന് 4.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്കായി നൽകി. മുല്ലശ്ശേരി മുതൽ പഞ്ചാരമുക്ക് വരെയുള്ള റോഡിന് 1.5 കോടി ഭരണാനുമതിയായിട്ടുണ്ട്.
യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിയോഫോക്‌സ്, സിന്ധു അനിൽകുമാർ, ചാന്ദിനി വേണു, പി.ടി ജോൺസൺ, ജല അതോറിറ്റി, പി.ഡബ്ല്യു.യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.