കുന്നംകുളം: കാട്ടകാമ്പാൽ പഞ്ചായത്തിലെ മൂലേപ്പാട് നായാടി കോളനിയുടെ വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം ചെലവിട്ടാണ് നായാടി കോളനിയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോളനി സന്ദർശിച്ചു. കോളനിയ്ക്ക് ചുറ്റുമതിൽ നിർമ്മിക്കുക, കോളനി നിവാസികളുടെ കുലത്തൊഴിൽ പരിപോഷിപ്പിക്കാനായി പണിശാല നിർമിക്കുക. കോളനിയിലെ വീടുകൾക്ക് സമീപം നടപ്പാതയിൽ കോൺക്രീറ്റ് കട്ടകൾ വിരിയ്ക്കുക എന്നിവയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ യദുകൃഷ്ണൻ, പഞ്ചായത്തംഗം എം.എ അബ്ദുൾ റഷീദ്, അസിസ്റ്റന്റ് എൻജിനീയർ ജ്യോതിരാജ്, ഓവർസീയർ സമദ് എന്നിവരാണ് കോളനി സന്ദർശിച്ചത്.