കുന്നംകുളം: കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ 300 വർഷത്തിലധികം പഴക്കമുള്ള കുളം ചണ്ടിയും പായലും നിറഞ്ഞ് നശിക്കുന്നു. പാടശേഖരത്തോട് ചേർന്ന കുളത്തിലെ വെള്ളം ആശ്രയിച്ചാണ് പണ്ട് ഈ ഭാഗങ്ങളിൽ നെൽക്കൃഷി നടത്തിയിരുന്നത്. കടുത്ത വേനലിലും ജലസമൃദ്ധിയുള്ളതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റാതെ നിലനിറുത്താനും കുളം സഹായകരമായിരുന്നു. നാട്ടിലെ പൂരക്കമ്മിറ്റിയുടെ സഹായത്തോടെ 25 വർഷം മുമ്പാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. കുളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് ക്ഷേത്ര ഭരണസമിതിക്ക് ആഗ്രഹം ഉണ്ടെങ്കിലും ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതാണ് തടസ്സമാകുന്നത്. പായലും ചണ്ടിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും അരിക് ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്താൽ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി ജലസംഭരണ ശേഷി കുളത്തിന് കൈവരും. ഇതോടെ കൊരട്ടിക്കര മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കും ധാരാളം വെള്ളം ലഭിക്കും. കടവല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കാനും ഇതിലെ വെള്ളം ഉപയോഗിക്കാം. ജലസംരക്ഷണത്തിന് വിവിധ പദ്ധതികൾ നിലവിലുള്ള സാഹചര്യത്തിൽ സർക്കാർ സഹായം ലഭിക്കാൻ ബുദ്ധമുട്ട് ഉണ്ടാകില്ല.

ക്ഷേത്ര ഭരണസമിതിയുടെ സമ്മതം ലഭിക്കുകയാണെങ്കിൽ നവീകരണത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളും. എം.എൽ.എ ഫണ്ടിൽ നിന്നും ആവശ്യമായ സഹായം ലഭ്യമാക്കും.
പി.ഐ രാജേന്ദ്രൻ
പഞ്ചായത്ത് പ്രസിഡന്റ്