ചേർപ്പ്: കരുവന്നൂർ പുഴയുടെ പ്രവേശന ഭാഗമായ ഹെർബർട്ട് കനാൽ പുഴമുഖം അടയ്ക്കുന്നതിൽ വീഴ്ച സംഭവിച്ചതുമൂലം പ്രദേശത്ത് വെള്ളക്കെട്ട് ഭീഷണി. പുഴ മുഖങ്ങളായ ഹെർബർട്ട് കനാൽ, ചിറക്കൽ തോട്, പുത്തൻകോട് എന്നീ തോടുകൾ കോൾകൃഷി ആരംഭിക്കുന്നതിന് മുമ്പ് അടയ്ക്കാൻ വൈകിയിരുന്നു. ഇത് മൂലം ഹെർബർട്ട് കനാൽ വഴി പുഴവെള്ളം ശക്തമായി ഒഴുകി കോൾബണ്ടുകൾ കരകവിയുന്ന നിലയിലായി. 20,000 ഏക്കർ കോൾ നിലങ്ങളിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്. കോൾ മേഖലയിലേക്കുള്ള എല്ലാം തോടുകളും ഉടനെ അടയ്ക്കാമെന്ന് കോൾ കർഷക സംഘത്തിന് നൽകിയ ഉറപ്പാണ് അധികൃതർ ലംഘിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ കളക്ടർ ഇടപെടണമെന്നും സംഘം പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു.