തൃശൂർ: മെഡിക്കൽ കോളേജിലെ എക്‌സ് റേ മെഷീനുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. നൂറുക്കണക്കിന് രോഗികൾ നെട്ടോട്ടം ഓടുന്നു. മെഡിക്കൽ കോളേജിൽ ഉള്ള മൂന്നെണ്ണത്തിൽ രണ്ടെണ്ണവും നിശ്ചലമാണ്. നിലവിൽ പോർട്ടബിൾ എക്‌സ് റേ മെഷീനുമായാണ് മെഡിക്കൽ കോളേജിലെ എക്‌സ് റേ വിഭാഗം പ്രവർത്തിക്കുന്നത്.
തകരാർ എന്ന് പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തിൽ കൃത്യമായ മറുപടിയുമില്ല. മെഷീനുകളുടെ സ്‌പെയർ പാർട്‌സുകൾ പോലും ലഭിക്കാത്ത തരത്തിലുള്ള മെഷീനാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ട് വർഷത്തോളം പഴക്കമുള്ള മെഷീൻ വർഷത്തിൽ നിരവധി തവണയാണ് തകരാറിലാകുന്നത്. തുടർന്ന് പലപ്പോഴും ആഴ്ച്ചകൾ പിന്നിട്ട ശേഷമാണ് തകരാർ പരിഹരിക്കാൻ സാധിക്കാറുള്ളത്.
പ്രധാന മെഷീനായ ഡിജിറ്റൽ റേഡിയോഗ്രാഫി തകരാറിലായതാണ് തിരിച്ചടിയായത്. ഒരു മെഷീന്റെ സർവീസ് ചെയ്യുന്നവർ ലക്‌നൗവിൽ നിന്നുള്ള കമ്പനിക്കാരാണ്. അവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കുന്നില്ല. എക്‌സ് റേ യൂണിറ്റിൽ എറ്റവും കുറവ് അഞ്ഞൂറോളം എക്‌സ് റേകളാണ് എടുക്കുക. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉള്ള മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ മെഷീൻ വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ വർഷങ്ങളായി ആരോഗ്യ വകുപ്പോ സർക്കാരോ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ സ്വന്തമായി എം.ആർ.ഐ സ്‌കാനർ പോലും ഇല്ല. ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജിലും എം.ആർ.ഐ സ്‌കാനർ സ്ഥാപിച്ചിട്ടുണ്ട്. തൃശൂരിൽ എം.ആർ.ഐ സ്‌കാനർ ഉണ്ടെങ്കിലും അത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എല്ലിന്റെ കീഴിലാണുള്ളത്.
അതുകൊണ്ട് സ്‌കാനിംഗിന് പണം ആദ്യം അടയ്ക്കണം. 2000 രൂപ മുതൽ പതിനായിരം രൂപ വരെ ചെലവ് വരുന്ന സ്‌കാനിംഗാണ് നടക്കുന്നത്. ദിവസവും മുപ്പതോളം സ്‌കാനിംഗാണുള്ളത്. 2,500 സ്‌ക്വയർ ഫീറ്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയാണ് എച്ച്.എൽ.എല്ലിന് മെഷീൻ സ്ഥാപിക്കാൻ സൗകര്യം നൽകിയത്. 2009 ലാണ് സ്‌കാൻ സെന്റർ സ്ഥാപിച്ചത്. അത് സ്ഥാപനവുമായി ഉണ്ടാക്കിയ കരാർ പ്രകാരം മാസത്തിൽ പത്ത് സ്‌കാനിംഗ് സൗജന്യമായി മെഡിക്കൽ കോളേജിന് നടത്തിക്കൊടുക്കും എന്ന് പറഞ്ഞാണ്. അത്യാവശ്യഘട്ടത്തിൽ ഏതാനും പേർക്ക് ഈ സൗജന്യം ഉപയോഗിക്കാം മാത്രമാണ് ആകെയുള്ള നേട്ടം. ബാക്കി എല്ലാവർക്കും പണം നൽകേണ്ട അവസ്ഥയാണ്. മെഷീൻ സ്ഥാപിച്ച് അഞ്ച് വർഷത്തിനുള്ളിൽ സ്ഥാപനത്തിന് മുടക്കു മുതൽ ലഭിച്ചതായി പറയുന്നു. മറ്റെല്ലാ മെഡിക്കൽ കോളേജിലും ബി.പി.എൽ വിഭാഗങ്ങളിൽപെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യമായി സ്‌കാനിംഗ് നടത്തുമ്പോൾ തൃശൂരിൽ മാത്രം പണം നൽകണം.