traffic

തൃശൂർ : നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിൽ പ്രതിഷേധം. ഇന്ന് വൈകിട്ട് റഗുലേറ്ററി കമ്മിറ്റി യോഗം. പട്ടാളം റോഡിൽ വൺവേ നടപ്പാക്കി കൊണ്ടുള്ള പൊലീസിന്റെ പരീക്ഷണ പരിഷ്‌കരണമാണ് പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. കൂടിയാലോചനകൾ ഇല്ലാതെയാണ് പരിഷ്‌കരണം നടപ്പിലാക്കിയതെന്ന് കോർപറേഷൻ ഭരണ സമിതിയും വ്യാപാരികളും പറയുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മേയർ എം.കെ.വർഗീസിന്റെ അദ്ധ്യക്ഷതയിൽ പൊലീസും ആർ.ടി.ഒ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന റെഗുലേറ്ററി കമ്മിറ്റി യോഗം നടക്കും. പരിഷ്‌കരണം ശരിയായ രീതിയിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിനിടെ ഇന്നലെ മേയറുടെ നേതൃത്വത്തിൽ വ്യാപാരികളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പേരും പരിഷ്‌കരണത്തിന് എതിരെയാണ് സംസാരിച്ചത്.
പരിഷ്‌കരണം പിൻവലിക്കണമെന്നും ഇരു ഭാഗത്തേക്കും ഗതാഗത സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കോടികൾ ചിലവഴിച്ച് കുപ്പി കഴുത്ത് പൊട്ടിച്ച് റോഡ് വീതി കൂട്ടിയത് ഇരു ഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാക്കാനാണ്. അത് തടസപ്പെടുത്തുന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനുമായി പോലും ആലോചിക്കാതെയുള്ള പൊലീസിന്റെ ഏകപക്ഷീയമായ ജനവിരുദ്ധ നടപടിയെന്നാണ് ആക്ഷേപം. പട്ടാളം റോഡിലെ കിഴക്കുഭാഗത്തുള്ള ബസ് സ്റ്റോപ്പാണ് തടസ്സമെന്ന പൊലീസ് വാദം അർത്ഥശൂന്യമാണെന്നും പ്രതിപക്ഷം പറയുന്നു. ശക്തൻ നഗറിലേക്കുള്ള റോഡ് ഡിപി സ്‌കീം അനുസരിച്ച് 25 മീറ്ററിൽ നാലുവരിപ്പാതയാണ്. ബസ് സ്റ്റോപ്പ് ഭാഗം റോഡിന് 30 മീറ്റർ വീതിയുണ്ട്. 25 മീറ്റർ റോഡിന് പുറത്ത് ആറ് മീറ്റർ വീതി കൂടി ഉള്ളിടത്താണ് ബസ് സ്റ്റോപ്പ്. ശരിയായി ആസൂത്രണം ചെയ്താൽ ബസ് സ്റ്റോപ്പ് തടസമാകില്ല എന്നും അതിനായി ഗതാഗത ആസൂത്രകരായ നാറ്റ്പാക്കിന്റെ ഉപദേശം തേടണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു. എം.ഒ റോഡിൽ ബസുകൾ നിറുത്തിയിടാൻ അനുവദിക്കാതെ ആളെ ഇറക്കാനും കയറ്റാനും മാത്രമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാരിയമ്മൻ ക്ഷേത്രത്തിന്റെ എതിർ വശത്തുള്ള പഴയ കെട്ടിട ഭാഗംകൂടി ഏറ്റെടുത്ത് ഇവിടെ ഡി ടി.പി.സ്‌കീം അനുസരിച്ച് 25 മീറ്റർ വീതിയിൽ റോഡ് യാഥാർത്ഥ്യമാക്കാൻ കോർപ്പറേഷൻ നടപടി ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.