അന്തിക്കാട്: കനത്ത മഴയിൽ വെള്ളം കയറിയ അന്തിക്കാട് മാവേലി സ്റ്റോർ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. അന്തിക്കാട് സർക്കാർ ആശുപത്രി റോഡിൽ വനിതാ വ്യവസായ സഹകരണ സംഘത്തിന് സമീപത്തായി ശനിയാഴ്ച മുതൽ മാവേലി സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്ന് യൂണിറ്റ് മാനേജർ സവിത ഹരീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മഴയിൽ മാവേലി സ്റ്റോറിന് ഉള്ളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മുളക് ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ നനഞ്ഞ് കുതിർന്നിരുന്നു. മഴ പെയ്താൽ മാവേലി സ്റ്റോറിന് മുമ്പിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെടും. റോഡിലൂടെ ഒഴുകുന്ന മഴവെള്ളം വലിയ വാഹന കടന്ന് പോകുമ്പോൾ മാവേലി സ്റ്റോറിന് ഉള്ളിലേക്ക് ഇരച്ചുകയറകയാണ് പതിവ്. വർഷങ്ങളായി ഉന്നയിക്കുന്ന ഈ പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
മതിയായ സൗകര്യങ്ങളോടെയുള്ള ഒരു കെട്ടിടം സ്ഥിരമായി ലഭിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. ഇതിനിടയിൽ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റാക്കി ഉയർത്തുന്നതിനുള്ള നിർദ്ദേശവും ഡിപ്പാർട്ട്മെന്റ് പരിഗണിക്കുന്നതായും സൂചനയുണ്ട്. ഇതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.