കാഞ്ഞാണി: മണലൂർ മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നും ഇല്ലാതെ ക്ഷീര കർഷകർ ദുരിതത്തിൽ. കഴിഞ്ഞ രണ്ട് മാസമായി കർഷകർ ഇതേ പ്രശ്നം ഉന്നയിച്ചിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ഉണ്ടായിരുന്ന ഡോക്ടർ പൂത്തൂർ മ്യഗശാലയിലേക്ക് മാറ്റം കിട്ടി പോയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ സ്ഥിരമായി ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. നിരവധി ആളുകളാണ് കാലി സംരക്ഷണത്തിനായി ഈ കേന്ദ്രത്തെ ആശ്രയിക്കുന്നത്. വെങ്ങിടങ്ങിലെ ഡോക്ടർക്ക് ഇൻചാർജ് നൽകിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. ഡോക്ടർ ഇല്ലാത്തതിനാൽ മരുന്നും ഇല്ലാത്ത അവസ്ഥയാണ്. മരുന്ന് വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ മരുന്നുകളെല്ലാം പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഡോക്ടർ ഇല്ലാത്തതിനാൽ കന്നുകാലികൾക്ക് വേണ്ടത്ര ചികിത്സയും കിട്ടുന്നില്ല. കൂടാതെ സ്ഥാപനം ഉച്ചയ്ക്ക് ശേഷം അടച്ചുപൂട്ടി പോകുന്നതായും ആരോപണമുണ്ട്.