mann
മരട്ടിക്കുന്ന് കോളനിയിലെ ഒന്നാം വരിയിൽ വീടുകളോട്‌ ചേർന്ന സ്ഥലത്ത് മണ്ണെടുത്ത നിലയിൽ

ഭീഷണിയുള്ളത് ചിറ്റഞ്ഞൂർ മരട്ടിക്കുന്ന് കോളനിയിലെ പി.എം.എ.വൈ പദ്ധതിയിൽ നിർമ്മിച്ച വീടുകൾക്ക്

കുന്നംകുളം: നഗരസഭ 34-ാം വാർഡ് ചിറ്റഞ്ഞൂർ പ്രദേശത്തെ മരട്ടിക്കുന്ന് കോളനിയിലെ ഒന്നാം വരിയിൽ പി.എം.എ.വൈ പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടുകൾക്ക് തകർച്ചാ ഭീഷണി. വീടുകളുടെ പിറകുവശത്തെ സ്ഥലം ശക്തമായ മഴ തുടർന്നാൽ ഇടിഞ്ഞു വീഴും എന്ന നിലയിലാണ്. വർഷങ്ങൾക്കു മുമ്പ് സ്വകാര്യവ്യക്തി ഇവിടെനിന്ന് മണ്ണെടുത്തു നീക്കിയതാണ് മഴയിൽ വീട്ടുകാർക്ക് വില്ലനായത്.

2017ൽ കുന്നംകുളം നഗരസഭയുടെ പി.എം.എ.വൈ പദ്ധതി പ്രകാരം ആറ് കുടുംബങ്ങൾ ഇവിടെ വീടുകൾ നിർമ്മിച്ച് താമസമാക്കിയിരുന്നു. എന്നാൽ വീടുപണി കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും 2018ൽ ഉണ്ടായ പ്രളയത്തിൽ വീടിന് പിറകുവശത്തെ സ്ഥലത്ത് മണ്ണിടിഞ്ഞു.

കഴിഞ്ഞ ദിവസം തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ച് കുടുംബങ്ങളോട് താത്കാലികമായി ബന്ധുവീടുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡും മഹാമാരിയും നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ആറ് കുടുംബങ്ങൾ.

നഗരസഭയിൽ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനായി അനുവദിക്കാനുള്ള ഫണ്ടില്ലെന്നായിരുന്നു ചെയർപേഴ്സന്റെ മറുപടി. ഇനിയും മഴ തുടരുകയാണെങ്കിൽ ഒരു വലിയ ദുരന്തം കാണേണ്ടി വരും. അതിന് മുൻപ് വിഷയത്തിൽ നഗരസഭാ അധികൃതർ ശാശ്വത പരിഹാരം കാണണം. നിലവിലെ മഴക്കെടുതി കണക്കിലെടുത്ത് വിഷയത്തിൽ ഉന്നത അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

- ഗീത ശശി, വാർഡ് കൗൺസിലർ