camp-visited
കനത്ത മഴ മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു.

കയ്പമംഗലം: കനത്ത മഴ മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രായമായ കിടപ്പുരോഗികൾക്ക് തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭ്യമാക്കുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനു വേണ്ട സഹായസഹകരണം നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ, കയ്പമംഗലം കാക്കാത്തുരുത്തി ഇസ്ലാം മദ്രസ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാൻ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികകൾ നൽകുവാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്യാമ്പിലെ ആരോഗ്യവിഭാഗവും അടുക്കളയും പരിശോധിച്ച അദ്ദേഹം പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ നിലവിൽ 38 കുടുംബങ്ങളിലായി 101 പേരും കാക്കാത്തുരുത്തിയിൽ 27 കുടുംബങ്ങളിലായി 72 പേരുമാണ് താമസിക്കുന്നത്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എസ് പ്രിൻസ്, കെ.എസ് ജയ, ആർ.ഡി.ഒ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.