ചാലക്കുടി: മഴ മുന്നറിയിപ്പിനെ തുടർന്ന് നിരോധിച്ചിരുന്ന അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ തുറക്കും. വാഴച്ചാലിലെ സന്ദർശനവും പുനരാരംഭിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. എന്നാൽ കൊവിഡ്, കാലാവസ്ഥ എന്നിവയുടെ നിയന്ത്രണം പാലിച്ചാകും പ്രവേശനം. ഇതേത്തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ അവധി ദിവസങ്ങളിലെ മലക്കപ്പാറ യാത്രയും പതിവ് പോലെ നടക്കും. മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകൽ എന്നീ ഭീഷണിയെ തുടർന്നാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. നവംബർ മുതൽ സ്‌കൂളുകൾ തുറക്കാനിരിക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടേണ്ട ദിവസങ്ങളാണ് പിന്നിട്ടത്.