ചാലക്കുടി: മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കാണുന്നതിന് റവന്യൂ മന്ത്രി കെ. രാജനെത്തി. പരിയാരം സെന്റ് ജോർജ്ജ് എൽ.പി സ്‌കൂളിലെ ക്യാമ്പിലായിരുന്നു സന്ദർശനം. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മംഗലൻ കോളനിയിലെ 18 കുടുംബങ്ങളിലെ 32 പേരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. പുഴയിലെ ജലവിതാനം താഴ്ന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തിനുളളിൽ വീടുകളിലേക്ക് പോകാനാകുമെന്നാണ് ക്യാമ്പിലുള്ളവരുടെ പ്രതീക്ഷ. ജില്ലാ കളക്ടർ ഹരിത വി. കുമാർ, തഹസിൽദാർ ഇ.എൻ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ്, പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ്, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.