തൃശൂർ: നഗരത്തിലെ ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ച്് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നിർദേശിച്ചു. മേയർ എം.കെ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോസ്‌റ്റോഫീസ് റോഡിലെ ട്രാഫിക് പരിഷ്‌കാരത്തിൽ വ്യാപാരികൾ അതൃപ്തി പ്രകടിപ്പിച്ചു. മുൻസിപ്പൽ ഓഫീസ്-പട്ടാളം റോഡ് വൺവേ, ടു വേ ആക്കുന്നതുമായി ഉണ്ടായിരുന്ന അവ്യക്തത ചർച്ചയിലൂടെ പരിഹരിച്ചു. റോഡ് ടു വേ ആക്കുന്നതിനും അതിന്റെ ഭാഗമായി പട്ടാളം റോഡിലെ പുതിയ ബസ് സ്റ്റോപ്പ് തെക്കോട്ട് നീക്കുന്നതിനും യുടേൺ കമ്മീഷണർ ഓഫീസിന്റെ മുമ്പിലേക്കാക്കുന്നതിനെകുറിച്ചും ചർച്ചകൾ നടന്നു. കോർപറേഷന് മുന്നിൽ വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നു. ചെട്ടിയങ്ങാടിയിലെ പുതിയ പരിഷ്‌കാരത്തെകുറിച്ചും പൂങ്കുന്നത്തെ പുതിയ പരിഷ്‌കാരത്തെക്കുറിച്ചും ചർച്ച ചെയ്ത് റിപ്പോർട്ടിനായി മാറ്റി വച്ചു. 10 ദിവസത്തിനകം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യോഗം ചേർന്ന് തീരുമാനമെടുക്കും. പോസ്‌റ്റോഫീസ് റോഡ് വൺവേയാക്കുന്നതിനെക്കുറിച്ചും അഭിപ്രായങ്ങൾ ഉയർന്നു. പോസ്‌റ്റോഫീസ് റോഡിലെ ട്രാഫിക് പരിഷ്‌കാരത്തിൽ വ്യാപാരികൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷകളുടെ ബാഹുല്യം കച്ചവട സ്ഥാപനങ്ങൾക്ക് ഏറെ തടസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. സ്വരാജ് റൗണ്ടിന് ചുറ്റും പന്ത്രണ്ടോളം ഓട്ടോറിക്ഷ പേട്ടകളാണ് ഉള്ളത്. ഒരേസമയം അഞ്ച് ഓട്ടോകൾ മാത്രം ഒരേ സമയത്ത് പാടുവെന്ന നിബന്ധന വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എ.സി.പി വി.കെ രാജു, ജോൺ ഡാനിയേൽ, ആർ.ടി.ഒ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.