കല്ലൂർ വെർണാകുലർ എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ മന്ത്രി കെ. രാജനും മുറ്റുള്ളവരും തറയിൽ വീട്ടിൽ മണിയുടെ ഗാനം ആസ്വദിക്കുന്നു.
കല്ലൂർ: കല്ലൂർ വെർണാകുലർ എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ മന്ത്രി കെ. രാജന്റെ മുമ്പിൽ വീട്ടിൽ വെള്ളം കയറിയ വിഷമം മറന്ന് മണി പാടി. സിനിമാ ഗാനത്തിന്റെ പാരടിയിൽ മണലിപ്പുഴയെ കുറിച്ചുള്ള ശ്രുതിമധുരമായുള്ള മണിയുടെ പാട്ട് ക്യാമ്പിലെ അംഗങ്ങൾ മാത്രമല്ല മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ഏറെ ആസ്വദിച്ചു.
മന്ത്രി വിശേഷങ്ങൾ തിരക്കുന്നതിനിടെയായിരുന്നു മണിയുടെ പാട്ടെത്തിയത്. കളക്ടർ ഹരിത വി. കുമാർ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട്, ജനതാദൾ സംസ്ഥാന സമിതി അംഗവും സ്‌കൂൾ ഒ.എസ്.എ പ്രസിഡന്റുമായ രാഘവൻ മുളങ്ങാടൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു.
കോളനിയിൽ എല്ലാ വർഷവും വെള്ളം കയറുന്നതും ക്യാമ്പിലേക്ക് മാറുന്നതും പള്ളം കോളനിക്കാർക്ക് പുതുമയല്ല. പക്ഷെ മണിയുടെ മന്ത്രിക്ക് മുമ്പിലെ പാട്ട് പുതുമയുള്ളതായി. തിരുവാതിര കളിക്കുകയും ഗാനങ്ങൾ ചിട്ടപെടുത്തുകയും ഒക്കെ ചെയ്ത് ക്യാമ്പിനെ സജീവമാക്കുന്നതിൽ എന്നും മുന്നിലാണ് തറയിൽ വീട്ടിൽ മണി. പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ള മണിയുടെ ഈണത്തിൽ ക്യാമ്പ് എപ്പോഴും സംഗീത സാന്ദ്രമാണ്.
മണലിപ്പുഴ കരകവിഞ്ഞ് തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പള്ളത്ത് വെള്ളം കയറിയതോടെയാണ് അവിടുത്തെ വീട്ടുകാരെ മാറ്റി പാർപ്പിക്കേണ്ടിവന്നത്.