പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഊരകം കുന്നിൽ നിന്നും മണ്ണിടിഞ്ഞ് വീണതോടെ പ്രദേശവാസികൾ ഭീതിയിൽ. 75 അടിയോളം ഉയരത്തിൽ നിന്നാണ് മണ്ണ് ഇടിഞ്ഞു വീണിട്ടുള്ളത്. ഇനിയും അടർന്ന് വീഴാറായി നിൽക്കുകയാണ്. രായംമരിക്കാർ വീട്ടിൽ റസാക്കിന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണിട്ടുള്ളത്.
ചെങ്കുത്തായ ഭാഗത്താണ് വീടുകൾ നിൽക്കുന്നത്. ഇന്നലെ ഏകദേശം ഉച്ചക്ക് ശേഷം 4.30 ഓടെ ഭീകരമായ ശബ്ദത്തോടെ മണ്ണ് അടർന്ന് വീഴുകയായിരുന്നു. ആ സമയത്ത് റസാക്കിന്റെ ഭാര്യയും പ്രസവിച്ചു കിടക്കുന്ന മകളും മരുമകളും കൊച്ചുകുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടുകയായിരുന്നു. സമീപത്തുള്ള ഏകദേശം ആറോളം വീടുകൾ ഇതോടെ ഭീഷണിയുടെ നിഴലിലായി. ഇടിഞ്ഞ ഭാഗത്തിന് മുകൾ ഭാഗത്തുള്ള വീട്ടുകൾ ഏതു നിമിഷവും പൊട്ടി വീഴാവുന്ന അവസ്ഥയിലാണ്. ചുറ്റുഭാഗത്തുമുള്ള മണ്ണ് നേരത്തെ എടുത്തു പോയതിനാൽ ഏതു സമയത്തും കുന്ന് ഇടിയാനുള്ള സാഹചര്യമാണുള്ളതെന്ന് ഇവർ പറയുന്നു.
കുന്നിലുണ്ടായിരുന്ന റബ്ബർ മരങ്ങൾ മുറിച്ചു മാറ്റിയപ്പോഴുണ്ടായ കുഴികളിൽ വെള്ളം നിറഞ്ഞത് ഇടിയാനുള്ള സാഹചര്യം ഏറെയാക്കി. കോവിലകത്ത് സുബ്രഹ്മണ്യൻ, അമീർ അമ്പലത്തുവീട്ടിൽ, പെരുമാടൻ ദേവസ്സി, സുധ കളാശേരി, നസീമ അമ്പലത്തു വീട്ടിൽ, പൗളി തെക്കേക്കര, അത്താണി ശ്രീനിവാസൻ ഭാര്യ തങ്കമണി മുതലായവരുടെ വീട് കുന്നിന്റെ നെറുകയിൽ അപകടാവസ്ഥയിലാണ്. താഴെയായി അഞ്ചോളം വീടുകളുമുണ്ട്.
വാർഡ് മെമ്പർ മോഹനൻ വാഴപ്പുള്ളി അപകടാവസ്ഥയിലുള്ള കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് പൗളിയുടെ വീടിനു മുകളിലേക്ക് ഇടിഞ്ഞ മണ്ണ് ഇനിയും മാറ്റിയിട്ടില്ല.
കുന്നിടിയൽ ഭീഷണി
ഊരകം കുന്നിൽ നിന്നും മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിൽ.