തൃശൂർ : കൊവിഡ് പ്രതിസന്ധികളൊഴിഞ്ഞ് വിദ്യാലയങ്ങളിലേക്കെത്തുന്ന ജില്ലയിലെ കുരുന്നു കൂട്ടുകാരെ വരവേൽക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള മുപ്പതോളം സംഗീതാദ്ധ്യാപകർ ചേർന്ന് പാടുന്ന പാട്ടാണ് ഇത്തവണ കുഞ്ഞിക്കൂട്ടുകാരെ വരവേൽക്കുക. നവംബർ ഒന്നിന് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ, ഗവ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രവേശനോത്സവപരിപാടിയിൽ അദ്ധ്യാപകർ പാട്ടുകൾ അവതരിപ്പിക്കും. 'തിരികെ, അതിജീവനത്തിന്റെ ഉത്സവം' എന്നാണ് പ്രവേശനോത്സവത്തിന് പേരിട്ടിരിക്കുന്നത്. പ്രവേശനോത്സവത്തിന് അനുബന്ധമായി മറ്റ് സാംസ്‌കാരിക പരിപാടികളും വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
''പൊതുവിദ്യാലയമുണരുന്നു
പൊൻപ്രഭ വാനിൽ പടരുന്നു' എന്ന് തുടങ്ങുന്ന പാട്ടിന്റെ രചയിതാവ് അദ്ധ്യാപികയായ കെ.കെ. തുളസിയും സംഗീത സംവിധായകനായ സുന്ദരൻ പുന്നയൂർക്കുളവുമാണ്. തളിക്കുളം സൗത്ത് ജി .എം .എൽ .പി സ്‌കൂളിലെ അദ്ധ്യാപികയായ തുളസി എഴുതിയ ഗാനമാണ് 2015ൽ സംസ്ഥാന തല പ്രവേശനോത്സവഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്.
'പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കൾ വിടർന്നു'
എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം പകർന്നത് പ്രശസ്ത സംഗീതജ്ഞനായ ഡോ.മണക്കാല ഗോപാലകൃഷ്ണനായിരുന്നു. തൃശൂർ സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലനപരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ ഡേവിസ് മാസ്റ്റർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, ഡയറ്റ് ഫാക്കൽറ്റി അംഗം സനോജ്, സ്‌കൂൾ പ്രിൻസിപ്പാൾ എ.ഡി .ഫ്രാൻസിസ്, പ്രധാനാദ്ധ്യാപകൻ സജി സാമുവൽ എന്നിവർ പങ്കെടുത്തു.