rain

തൃശൂർ: ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ചാലക്കുടിയിൽ പാണ്ടാരപ്പാറയിൽ നിന്ന് മഴവെള്ള പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളം കയറിയത് ആശങ്ക സൃഷ്ടിച്ചു. മണിക്കൂറുകൾക്കുള്ളിൽ വെള്ളം ഒഴുകി പോയെങ്കിലും ഉരുൾപ്പൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി സംശയമുണ്ട്. ഇന്നലെ രാത്രിയും പുലർച്ചെയും ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലും ഇടിവെട്ടും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതൽ വീണ്ടും ശക്തമായിട്ടുണ്ട്. മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിലെയും പുഴകളിലേയും ജലനിരപ്പ് താഴ്ന്നിരുന്നു. എല്ലാ ഡാമുകളും തുറന്നിട്ടുണ്ടെങ്കിലും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകൾ രണ്ട് ദിവസം മുമ്പ് വരെ 22.5 സെന്റി മീറ്റർ ഉയർത്തിയിരുന്നത് ഇന്ന് 20 സെന്റി മീറ്ററാക്കിയിട്ടുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകൾ 15 സെന്റി മീറ്ററാണ് ഉയർത്തിയിരിക്കുന്നത്.വാഴാനി ഡാമിന്റേത് ഒരു സെന്റി മീറ്റർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകുന്നുണ്ട്.
ഏതാനും ദിവസമായി മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. രാജൻ ഇന്നലെ വൈകിട്ട് ചേർന്ന അവലോകന യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. വീടും കൃഷിയും മറ്റും നഷ്ടപ്പെട്ടവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാനും തകർന്ന അടിസ്ഥാന സൗകര്യം പുന:സ്ഥാപിക്കാനും വേണ്ടിയാണിത്. ഭാഗികമായി തകർന്ന വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ ശതമാനം കണ്ടെത്താൻ റവന്യൂ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി വേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കണം. കൃഷിക്കുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. റോഡുകൾ, പാലങ്ങൾ, ജലസേചന സൗകര്യങ്ങൾ, വൈദ്യുത സംവിധാനം, കുടിവെള്ള വിതരണ സംവിധാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടം കണക്കാക്കി അവ പുന:സ്ഥാപിക്കാനുള്ള അടിയന്തര പ്രവർത്തനം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടെന്ന് അവസാനിപ്പിക്കില്ല. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്ക് തിരികെ പോകുന്നതിന് മുമ്പായി അവ ശുചീകരിക്കാനും കിണർ വെള്ളം ഉപയോഗ യോഗ്യമാക്കാനും ആർ.ആർ.ടികളും ആരോഗ്യ വകുപ്പും നേതൃത്വം നൽകും. ഏതെങ്കിലും കാരണത്താൽ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.