lightening

തൃശൂർ : തുലാവർഷം ആരംഭിച്ചതോടെ ഇടിമിന്നലിന് സാദ്ധ്യതയേറുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഇടിമിന്നലിൽ നിരവധി വൈദ്യുതോപകരണങ്ങൾ നശിച്ചു. മണ്ണുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ യു.പി.എസ് നശിച്ചു. മഴയ്ക്ക് മുമ്പും ശേഷവുമാണ് ഇടമിന്നൽ ശക്തമായുള്ളത്. മാർച്ച്, എപ്രിൽ മാസങ്ങളിലും ഒക്ടോബർ , നവംബർ മാസങ്ങളിലുമാണ് കൂടുതൽ ഇടിമിന്നൽ കാണാറ്. ഇതിൽ തുലാവർഷത്തോട് കൂടിയ ഇടിമിന്നലിനാണ് തീവ്രത കൂടുതലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഏതാനും വർഷമായി ഇടിമിന്നലിന്റെ തീവ്രത വർദ്ധിച്ച് വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. കന്നുകാലികൾക്കും ഇടിമിന്നലേൽക്കുന്ന സംഭവവും കൂടി. ഒരാഴ്ച മുമ്പ് പുത്തൂർ പഞ്ചായത്തിലെ 19 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഒറ്റയടിക്ക് മിന്നലേറ്റത്. ഇതിൽ ഒരു സ്ത്രീക്ക് സാരമായി പൊള്ളലേറ്റു. മുപ്‌ളിയത്ത് മിന്നലേറ്റ് പശു ചത്തു. കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചയ്ക്ക് ശേഷം അതിശക്തമായ മിന്നലാണുണ്ടായത്.

ജാഗ്രത വേണ്ട കാര്യങ്ങൾ

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല
ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്.
വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി അകത്ത് ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.
തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ എടുക്കാൻ ഓടരുത്.

കുടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യത

കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളുണ്ടെന്ന് കണ്ടെത്തൽ. രണ്ടാഴ്ച്ച മുമ്പ് ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 78 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് മഴ കനത്തപ്പോൾ നേരത്തെയുള്ളതിനേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കളക്ടർ കൂടുതൽ പരിശോധന നടത്താൻ നിർദ്ദേശിച്ചിരുന്നു. കൊണ്ടാഴി, തിരുവില്വാമല, പുത്തൻചിറ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ സാദ്ധ്യത കണ്ടെത്തിയിരുന്നു.

ഡാമുകളിലെ ജലനിരപ്പ് താഴുന്നു

മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിലെയും പുഴകളിലേയും ജലനിരപ്പ് താഴ്ന്നിരുന്നു. എല്ലാ ഡാമുകളും തുറന്നിട്ടുണ്ടെങ്കിലും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകൾ രണ്ട് ദിവസം മുമ്പ് വരെ 22.5 സെന്റി മീറ്റർ ഉയർത്തിയിരുന്നത് ഇന്നലെ 20 സെന്റി മീറ്ററാക്കിയിട്ടുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകൾ 15 സെന്റി മീറ്ററാണ്. വാഴാനി ഡാമിന്റേത് ഒരു സെന്റി മീറ്റർ മാത്രമാണ് ഉയർത്തിയത്.