തൃശൂർ: വെള്ളായണി കാർഷിക കോളേജ് വിള പരിപാലന വിഭാഗം ശാസ്ത്രജഞർ വികസിപ്പിച്ച കള നിയന്ത്രണ യന്ത്രമായ വീൽ ഹോ വീഡറിന് കേന്ദ്ര സർക്കാരിന്റെ ഡിസൈൻ പേറ്റന്റ് ലഭിച്ചു. കഴിഞ്ഞ ജൂലായ് മുതൽ 10 വർഷത്തേക്കാണ് പേറ്റന്റ്. സീതൾ റോസ്, ചാക്കോ, ധനു ഉണ്ണിക്കൃഷ്ണൻ, കൃഷ്ണശ്രീ ആർ.കെ, അനിറ്റ് റോസ ഇന്നസെന്റ് എന്നിവരുടെ ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദ ഗവേഷണ പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണ് യന്ത്രം. ഡോ. ഷീജ കെ. രാജ്, ഡോ. ഡി. ജേക്കബ്, ഡോ.പി. ശാലിനി പിള്ള എന്നിവർ നേതൃത്വം നൽകി. ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയിലുള്ള കളകളെ നിയന്ത്രിക്കാൻ യന്ത്രം സഹായിക്കും. വിളയുടെ ഇടയകലത്തിനനുസരിച്ച് 15 മുതൽ 30 സെന്റിമീറ്റർ വരെയുള്ള ബ്ലേഡുകൾ ഘടിപ്പിക്കാം. മണിക്കൂറിൽ 3.7 സെന്റിലെ കളകൾ നിയന്ത്രിക്കാം. മണ്ണിൽ 1.5 സെന്റിമീറ്റർ ആഴത്തിൽ ബ്ലേഡ് ചെല്ലുന്നതു വഴി കളകളെ വേരോടെ ചെത്തിമാറ്റാം. തിരശ്ചീനമായി 15 ഡിഗ്രി കോണിൽ ചരിഞ്ഞിരിക്കുന്നതിനാൽ ബ്ലേഡിന് അനായാസം മണ്ണിലേക്ക് കയറാൻ സാധിക്കുന്നു. സ്‌ക്വയർ ട്യൂബ് ആകൃതിയിലുള്ള ചട്ടക്കൂടാണ് യന്ത്രത്തിന്റെ സവിശേഷ ഘടകം.