malavellam

ചാലക്കുടി: പുലർച്ചെ കോടശേരി മലയിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കപ്പത്തോട് കരകവിഞ്ഞ് മുപ്പതോളം വീടുകളിൽ വെള്ളം കയറി. വീട്ടുപകരങ്ങളും കാർഷിക വിളകളും നശിച്ചു. കപ്പത്തോട് കടന്നു പോകുന്ന നമ്പ്യാർപടിയിൽ മാത്രം പത്തോളം വീടുകളിൽ നാശനഷ്ടമുണ്ടായി. ഭൂരിഭാഗം ആളുകളും ഈ സമയം ഉറക്കത്തിലായിരുന്നു. പരിയാരം മാവുഞ്ചിറ പാലത്തിന് സമീപം പയ്യപ്പിള്ളി ഡേവിസിന്റെ വീട് പകുതിയോളം മുങ്ങി.
ടി.വി, ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. ഇവരുടെ ഇരുപത്തിയഞ്ച് കോഴികളും ചത്തു. 91 വയസുള്ള ഡേവിസിന്റെ അമ്മ മേരിയെ പുലർച്ചെ അയൽവാസികൾ ചേർന്ന് മറ്റൊരു വീട്ടിലെത്തിച്ചു. നാലോടെ വെള്ളം കയറി തുടങ്ങിയെങ്കിലും തങ്ങൾ അറിഞ്ഞത് ഒരു മണിക്കൂർ വൈകിയാണെന്ന് ഡേവിസിന്റെ ഭാര്യ നിഷി പറഞ്ഞു. ഇവിടെ പരിപ്പിൽ ചന്ദ്രൻ നായരുടെ വീട്ടിലും വെള്ളം കയറി. കണ്ണൂട്ടി ബോസ്, പറപറമ്പൻ ബിജു, മഞ്ഞളി ജോൺസൺ എന്നിവരുടെ വീട്ടിലും ഭാഗികമായി വെള്ളം കയറി.
നമ്പ്യാർപടി പാലത്തിന്റെ മറുകരയായ കോടശേരി പഞ്ചായത്തിന്റെ 9ാം വാർഡിൽ അഞ്ച് വീടുകളുടെ വരാന്തയിൽ വെള്ളമെത്തി. പലരുടെയും വീട്ടുപകരണങ്ങൾ തോട്ടിലേക്ക് ഒഴുകി. കുണ്ടറ തലക്കൽ ജ്യോതി അനിൽ, മഞ്ഞളി ലൂയീസ്, ഞാറ്റുവെട്ടി ബിനീഷ്, തോപ്പുപറമ്പിൽ രവി, പറപറമ്പത്ത് ഭാസ്‌കരൻ നായർ എന്നിവരുടെ വീടുകളുടെ പല ഭാഗങ്ങളിലായി വെള്ളം കയറി. പാത്രങ്ങളും മറ്റും ഒഴുകിപ്പോയി. പരിയാരത്തെ കുറ്റിക്കാട് കൂർക്കമറ്റത്തും അഞ്ച് വീടുകളിലും വെള്ളമെത്തി. ഇവിടെ ഒരു കുടുംബം വീടിന്റെ മുകളിൽ കയറിയിരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ കോട്ടാമല തോടിന്റെ കൈവഴി ചാലുകളും കരകവിഞ്ഞു.
ഇവിടെയും അഞ്ച് വീടുകളിൽ വെള്ളം കയറി. സ്മയിൽ വില്ലേജ് റോഡ് പരിസരത്തെ പയ്യപ്പിള്ളി ജോസഫ്, മങ്ങാടൻ അനീഷ്, മണൂക്കാടൻ അർജ്ജുൻ, ടെക്‌സൺ, രമേഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. പണ്ടാരൻപാറയിൽ ചാലപറമ്പൻ അംബുജത്തിന്റെ വീട്ടിൽ വെള്ളം കയറി. കപ്പത്തോടിന്റ ഉത്ഭവ സ്ഥാനമായ അതിരപ്പിള്ളി പഞ്ചായത്തിലെ പണ്ടാരൻപാറയിൽ നിന്നാണ് മലവെള്ളം കുത്തിയൊഴുകിയത്. 2018ലെ പ്രളയത്തിൽ ഇവിടെ ഉരുൾപൊട്ടി വീട് ഒലിച്ച് പോയി വീട്ടമ്മ മരിച്ചിരുന്നു. ഈ ഭീതിയിലാണ് ശനിയാഴ്ച പുലർച്ചെ സംഭവിച്ചതും ഉരുൾപ്പൊട്ടലാണെന്ന് നാട്ടുകാർ പറയുന്നത്. എന്നാൽ റവന്യൂ വകുപ്പ് അധികൃതർ ഇക്കാര്യം നിഷേധിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലാണെന്ന് അവർ വ്യക്തമാക്കി. നിരവധി പേരുടെ കാർഷിക വിളകളും നശിച്ചു. ടി.ജെ സനീഷ് കുമാർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ റിജേഷ്, ബെന്നി വർഗീസ്, മായാ ശിവദാസ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, പഞ്ചായത്തംഗം സി.സി കൃഷ്ണൻ, ചാലക്കുടി തഹസിൽദാർ ഇ.എൻ രാജു എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.