തൃശൂർ: ഉദ്യോഗസ്ഥർ നിരന്തരം പരിശോധനകൾ നടത്തിയും ഇരട്ടി ജി.എസ്.ടി അടപ്പിച്ചും പിഴയീടാക്കിയും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച്, ഇരുന്നൂറിലധികം വരുന്ന ജുവലറി ഉടമകളും സ്വർണാഭരണ തൊഴിലാളികളും പരിശോധനയ്‌ക്കെത്തിയ ജി.എസ്.ടി ഉദ്യോഗസ്ഥരെ തടഞ്ഞു.
ഹൈറോഡിലെ പുത്തൻപള്ളിക്ക് സമീപമുള്ള ജുവലറികളിലും സ്വർണ്ണ നിർമ്മാണ കേന്ദ്രങ്ങളിലുമെത്തിയ നാല് ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. വൻകിട നിർമ്മാതാക്കൾ സ്വർണാഭരണ നിർമ്മാണത്തിനായി സ്വർണ്ണത്തിന് ഡെലിവറി വൗച്ചർ തരാറില്ലെന്നും അനാൽ നിർമ്മാണത്തിന് ലഭിക്കുന്ന സ്വർണത്തിന് തങ്ങളുടെ പക്കൽ കൃത്യമായ രേഖ ഉണ്ടാകാറില്ലെന്നും നിർമ്മാതാക്കൾ പറയുന്നു.
വൻകിട ജ്വല്ലറികൾ കൃത്യമായി ഡെലിവറി വൗച്ചർ മുഖാന്തരം സ്വർണ്ണം കൈമാറിയാൽ ഈ വിഷയത്തിൽ പരിഹാരമാകുമെന്നും എന്നാൽ അത്തരത്തിലുള്ള നടപടി ജി.എസ്.ടി ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു.
പ്രതിഷേധത്തിനിടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധ സൂചകമായി പുത്തൻപള്ളി സമീപത്തുള്ള എല്ലാ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളും ജുവല്ലറികളും പ്രതിഷേധക്കാർ നിർബന്ധിച്ച് അടപ്പിച്ചു. 40 ജുവലറികൾ അടക്കം 70 കടകളാണ് അടച്ചത്. ഈ വിഷയത്തെ സംബന്ധിച്ച് പരാതി കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.