cheralppadam

മാള മേഖലയിൽ ഒലിച്ചുപോയത് 37.13 ലക്ഷം രൂപയുടെ കൃഷി

മാള: കലിതുള്ളിയ പെരുമഴയിൽ ഒലിച്ചുപോയത് നൂറുകണക്കിന് നെൽ കർഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. നടീലും വിതയും കഴിഞ്ഞ് വേര് പിടിക്കുന്നതിന് മുമ്പാണ് പെരുമഴയിൽ കൃഷി ഒലിച്ചുപോയത്. മാള മേഖലയിൽ 37.13 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്. ഇനി വീണ്ടും കൃഷിയിറക്കുന്നതിന് വിത്തും ഞാറും കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്.

മാള പഞ്ചായത്തിലെ ചെറാൽപ്പാടത്ത് ജോണി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 60 ഏക്കറിലധികം വരുന്ന സ്ഥലത്തെ നടീലാണ് ഒലിച്ചുപോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ കർഷകന് മാത്രം ഉണ്ടായിട്ടുള്ളത്. പാടശേഖരത്തിൽ നിന്ന് കണിചാം തുറ വരെയുള്ള തോടുകളും ചാലും പുല്ലും പായലും ചണ്ടിയും മൂടി കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടിക്കിടക്കുന്നതിനാൽ ഒറ്റ ദിവസത്തെ മഴയിൽ തന്നെ പാടശേഖരം വെള്ളത്തിലാകും. വർഷങ്ങളായി കൃഷി ചെയ്യുന്ന ജോണിക്ക് ആദ്യമായാണ് ഇത്തരത്തിൽ പൂർണമായി കൃഷി നാശം ഉണ്ടായത്. ഇപ്പോഴുണ്ടായ കൃഷിനാശം എങ്ങനെ തരണം ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് ഈ കർ‌ഷകനടക്കമുള്ള പലരും.

പുത്തൻചിറ, കുഴൂർ, പൊയ്യ, അന്നമനട പഞ്ചായത്തുകളിലും സമാനമായ രീതിയിൽ കൃഷി നാശം ഉണ്ടായിട്ടുണ്ട്. നെൽക്കൃഷിക്കാണ് വ്യാപക നാശം സംഭവിച്ചിട്ടുള്ളത്. സർക്കാരും കൃഷി വകുപ്പും സഹായിച്ചാൽ മാത്രമേ കർഷകർക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയൂ. പ്രധാനമായി വിത്തോ ഞാറോ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ വൻ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ഇനിയും വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വലിയ തോതിൽ നാശമുണ്ടായതിനാൽ കണക്കെടുപ്പ് പൂർത്തിയാക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും നടീൽ ഒലിച്ചുപോയിട്ടുണ്ട്. മറ്റു വിളകൾ അടക്കം മേഖലയിൽ 37.13 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

കാർഷിക മേഖലയിൽ ഇതുവരെ ലഭിച്ച നാശനഷ്ടത്തിന്റെ കണക്കുകൾ

മാള പഞ്ചായത്ത്: നെൽക്കൃഷി 55.6 ഹെക്ടർ - 15 ലക്ഷം രൂപ

അന്നമനട പഞ്ചായത്ത്: നെൽക്കൃഷി 59.2 ഹെക്ടർ - 20.016 ലക്ഷം രൂപ

കുഴൂർ പഞ്ചായത്ത് - 10 ഹെക്ടർ -1.35 ലക്ഷം

പൊയ്യ പഞ്ചായത്ത് -15 ഹെക്ടർ- 1.75 ലക്ഷം

ആളൂർ പഞ്ചായത്ത് -15.4 ഹെക്ടർ - 20.79 ലക്ഷം

കണിചാംതുറ നടപ്പാലം വരെ പുല്ലും ചണ്ടിയും പായലും മൂടി കിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണം. ഏറെ ആശങ്കയോടെയാണ് കൃഷി ഇറക്കുന്നത്.

- വേഴപ്പറമ്പിൽ ജോണി, കർഷകൻ