തൃശൂർ : ദേശീയപാതാ വികസനത്തിന്റെ സ്ഥലമേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയത് 502 കോടി രൂപ. പൂർണ്ണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച 726 പൊന്നുംവില കേസുകളിൽ ഏകദേശം 300 ഭൂവുടമകൾക്കാണ് തുക ലഭിച്ചത്.
ഇവരിൽ നിന്ന് ഒക്ടോബർ 22 വരെയുള്ള കാലയളവിൽ ഈ ഭൂവുടമകളിൽ നിന്നായി 20,000 ഹെക്ടർ ഭൂമി ഏറ്റെടുത്ത്, ഇതിന്റെ നഷ്ടപരിഹാര തുകയായ 502 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥാവകാശ രേഖകൾ പൂർണ്ണമായും സമർപ്പിക്കാത്ത ഭൂവുടമകൾക്ക് അനുവദിച്ച് മാറ്റിവച്ചിട്ടുള്ള നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട് വില്ലേജാഫീസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ആദ്യഘട്ടത്തിൽ കടിക്കാട്, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളിൽ നടന്നു കഴിഞ്ഞു. രണ്ടാംഘട്ടമായി യൂണിറ്റ് മൂന്നിന് കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂർ വില്ലേജുകളിലെ അദാലത്ത് ഇന്ന് മുതൽ 30 വരെയും, മൂന്നാം ഘട്ടമായി യൂണിറ്റ് ഒന്നിന് കീഴിൽ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി തളിക്കുളം, ഒരുമനയൂർ വില്ലേജുകളുടെയും യൂണിറ്റ് രണ്ടിൽ വരുന്ന മണത്തല, വാടാനപ്പിള്ളി, കയ്പമംഗലം, ആല, കൂളിമുട്ടം എന്നീ വില്ലേജുകളുടെ അദാലത്തുകൾ നവംബർ 11 മുതൽ 16 വരെയുള്ള തീയതികളിലും ക്രമീകരിച്ചിട്ടുള്ളതായി സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.