ചാലക്കുടി: പണ്ടാരൻപാറയിൽ സംഭവിച്ചത്് മലവെള്ളപ്പാച്ചിലാണെന്ന് നാട്ടുകാർക്ക് ഉറപ്പിച്ച് പറയാനായത് മണിക്കൂറുകൾക്ക് ശേഷം. 2018ലെ പ്രളയത്തിൽ ഉരുൾപ്പൊട്ടി വൃദ്ധ മരിച്ച സംഭവത്തിന്റെ നടക്കുന്ന ഓർമ്മകൾ ഇപ്പോഴും ഇവിടത്തുകാരുടെ മനസിൽ തങ്ങി നിൽക്കുന്നതാണ് ആധിക്ക് കാരണം. അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആഗസ്റ്റ് 16ന് പുലർച്ചെയാണ് ഉരുൾപ്പൊട്ടി ഊരേക്കാട്ട് ഉണ്ണിയുടെ ഭാര്യ ലീല മരിച്ചത്. മലമുകളിൽ നിന്നും ഇരച്ചെത്തിയ പാറകളും മരങ്ങളുമെല്ലാം വീടിന്റെ ഇളക്കി കപ്പത്തോട്ടിലേക്കെത്തിച്ചു. അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉണ്ണിയും ഇവിടെ മറ്റൊരു വീട്ടിലുണ്ട്. ഇക്കുറിയും അതേ ഭാഗത്ത് കൂടേ മലവെള്ളമെത്തി. അഞ്ഞൂറ് മീറ്റർ അകലെയുള്ള മറ്റൊരു കൈവഴി തോടിനടുത്തായിരുന്നു കൂടുതലും നാശം. ചാലപറമ്പൻ അംബുജത്തിന്റെ വീടിനകത്തും വെള്ളം കയറി. കാട്ടിൽ രാജൻ, കൊട്ടിയാട്ടിൽ സുനിൽകുമാർ എന്നിവരുടെ വീടും പരിസരവും കനത്ത ചെളിയാൽ നിറഞ്ഞു. ഒരു കിണറിലേയ്ക്കും മലവെള്ളമെത്തി. വൈശേരിയിൽ സന്തോഷിന്റെ വീടിന്റെ വരാന്തയിലും വെള്ളം കയറി. ശനിയാഴ്ച പുലർച്ചെ ഇതെല്ലാം സംഭവിച്ചപ്പോൾ ഉരുൾപ്പൊട്ടലാണെന്ന് നാട്ടുകാർ ഉറപ്പിച്ചു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് മലവെള്ളപ്പാച്ചലാണെന്ന് വ്യക്തമായത്. വൈദ്യുതിയില്ലാതിരുന്നതും മിക്കയിടങ്ങളിലും മഴ പെയ്തതും വെള്ളം കയറിയ വീട്ടുകാരുടെ അങ്കലാപ്പ് പതിന്മടങ്ങാക്കി. ഭൂരിഭാഗം വീട്ടുകാരും വെള്ളം കയറി ഒരു മണിക്കൂറിന് ശേഷമാണ് മലവെള്ളപ്പാച്ചിൽ വിവരം അറിയുന്നത്. സുരക്ഷിതമായിരുന്ന അയൽ വീടുകളിൽ ഇവർ അഭയം തേടി. നാല് ദിവസം മുമ്പ് അതിരപ്പിള്ളിയിലെ ചാർപ്പ തോട്ടിലും ഇത്തരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായി.