ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പ് വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിക്ഷേപകർക്ക് പണമെന്ന് തിരിച്ചുനൽകാൻ ഉടൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
നിക്ഷേപകർക്ക് പണമെന്ന് തിരിച്ചുനൽകുമെന്ന് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. ബാങ്കിൽ നടന്ന കൊള്ളയെക്കുറിച്ച് കൃത്യമായി മനസിലാക്കിയിട്ടും ഇതിന് കൂട്ടുനിന്ന സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. മുഴുവൻ ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇവരെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നും സതീശൻ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി, ടി.വി ചാർളി, ജോസഫ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. പിന്നീട് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.