ഒല്ലൂർ / തൃശൂർ: മണ്ണുത്തി പറവട്ടാനിയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യം നടത്താൻ പ്രതികളെത്തിയ ഓട്ടോ ഉപേക്ഷിച്ച നിലയിൽ. കോലഴി പെട്രോൾ പമ്പിന് സമീപത്താണ് ഇന്നലെ രാവിലെ ഓട്ടോ കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഒല്ലൂർ ഡി.വൈ.എസ്.പി കെ.സി സേതു പറഞ്ഞു.
കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ പറവട്ടാനി ചുങ്കം ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. ഓട്ടോയിലെത്തിയ മൂന്നംഗ സംഘമാണ് പിക്കപ്പ് വാനിൽ മീൻ വിൽക്കുകയായിരുന്ന ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലഹരി വിൽപ്പനയടക്കം നിരവധി ക്രിമിനൽ കേസുകളിലുൾപെട്ട പ്രതിയാണ് ഷെമീർ. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 18 ഓളം കേസുകളുമുണ്ട്. രണ്ട് വർഷമായി പിക്കപ്പ് വാനിൽ മീൻ കച്ചവടം നടത്തുകയായിരുന്നു ഷെമീർ. ആക്രമണത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. പൂർവവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യ: അസീന. മക്കൾ: മുഹമ്മദ് അൻഷാദ്, അൻഷിത.