പാവറട്ടി: കാലവർഷക്കെടുതിയിൽ നെൽക്കർഷകർക്ക് വലിയ നാശമാണുണ്ടായതെന്ന് ജില്ലാ കോൾ കർഷക സംഘം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡബിൾ കോളിന്റെ ഭാഗമായി മുണ്ടകൻ കടുംകൃഷി ഇറക്കുന്നതിന് എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്ങ്, മണലൂർ, അന്തിക്കാട്, ചേർപ്പ്, അരിമ്പൂർ, അയ്യന്തോൾ കൃഷിഭവന് കീഴിലുള്ള 5000 ഏക്കർ പാടശേഖരങ്ങളിലും ഗ്രൂപ്പ് ഫാമുകളിലും കൃഷി ഇറക്കിയെങ്കിലും വിതരണം ചെയ്ത വിത്ത് യഥാസമയം മുളയ്ക്കാത്തതിനാൽ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായത്. രണ്ടാമത് വിതരണം ചെയ്ത വിത്ത് വിതക്കുന്നതിനും ഞാറ് പാകുന്നതിനും കൃഷിക്കാർ തയ്യാറായപ്പോൾ കാലവർഷക്കെടുതിയെ നേരിടേണ്ടിയും വന്നു. ഇതോടെ വലിയ തോതിലുള്ള നഷ്ടമാണ് നെൽക്കർഷകർക്കുണ്ടായത്. കനത്ത മഴയിൽ കോൾ പടവുകൾ മുങ്ങിയപ്പോൾ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഒരു ഏക്കർ കൃഷിയിറാക്കിയതിന് കർഷകന് 15,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. വീണ്ടും കൃഷി ഇറക്കാൻ ഒരു ഏക്കറിന് 40 കിലോഗ്രാം നെൽവിത്ത് വേണ്ടി വരും എന്നാണ് കർഷകരുടെ അഭിപ്രായം. കാലവർഷ ക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്നും ജില്ലാ കോൾ കർഷക സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. നാശത്തെ സംബന്ധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി വരുന്നതായും സർക്കാരിൽ നിന്നും നഷ്ടപരിഹാര തുക അനുവദിക്കുന്ന മുറയ്ക്ക് കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ സരസ്വതി 'കേരള കൗമുദി' യോട് പറഞ്ഞു.
കർഷകർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയും രാസവളങ്ങളുടെ വർദ്ധിച്ച വില നിയന്ത്രിക്കുന്നതിനും വളങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനും നടപടി വേണം.
എൻ.കെ സുബ്രഹ്മണ്യൻ
(സെക്രട്ടറി, ജില്ലാ കോൾ കർഷക സംഘം)
നെൽകൃഷി ഞാറ്റടി നാശം സംഭവിച്ചവർക്ക് കൃഷി ഇറക്കുന്നതിനായി നെൽവിത്ത് നൽകും. ഞാറ് നട്ടതിന് ശേഷം കൃഷി നശിച്ച കർഷകർക്ക് 10 ദിവസത്തിനുള്ളിൽ ഓൺലൈനായി നഷ്ടപരിഹാര തുക ലഭിക്കാൻ അപേക്ഷിക്കാം. മറ്റ് വിള നാശത്തിനും ഇത്തരത്തിൽ അപേക്ഷിക്കാം. വിള ഇൻഷ്വർ ചെയ്ത കർഷകർക്ക് ആ ആനുകൂല്യത്തിനായും ഓൺലൈനായി അപേക്ഷിക്കാം.
എ.കെ സരസ്വതി
(കൃഷി ഡെപ്യൂട്ടി ഡയറക്ടർ)