പാവറട്ടി: ഒരു വസ്തുവിന്റെ പേരിൽ രണ്ട് തവണ ലോൺ അനുവദിച്ച് വെങ്കിടങ്ങ് ഫാർമേഴ്‌സ് ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപണം. മുല്ലശ്ശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി അമ്മയുടേയും ഭാര്യയുടേയും പേരിലുള്ള സ്ഥലം ഈട് വച്ച് ഏഴ് വർഷം മുമ്പ് 40 ലക്ഷം രൂപ വായ്പ എടുത്തുവെന്നും തിരിച്ചടക്കാതെ അതേ വസ്തുവിൻമേൽ വീണ്ടും വായ്പ വാങ്ങിയെന്നുമാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടത്. ഈ ഇനത്തിൽ 92 ലക്ഷം രൂപ ബാങ്കിന് കുടിശികയായതായും പറയുന്നു.
എന്നാൽ ചാനലിൽ വന്ന വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണെന്നും നിക്ഷേപകരെ ആശങ്കയിലാക്കുന്ന രീതിയിൽ വക്രീകരിച്ച് വാർത്ത നൽകിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വെങ്കിടങ്ങ് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി.കെ ഷറഫുദീൻ പറഞ്ഞു. വായ്പാ കുടിശിക വരുത്തിയ ഡയറക്ടർ ബാങ്ക് നിയമാവലിയും സഹകരണ സംഘം നിയമവും അനുസരിച്ച് രാജിവച്ചതാണ്. ലോൺ കുടിശികക്കാർക്കെതിരെ എ.ആർ.സി ഫയൽ നടപടികൾ നടന്നുവരികയാണെന്നും ഇതിൽ പ്രകോപിതരായ ചിലരാണ് വ്യാജ പ്രചരരണങ്ങൾക്ക് പിറകിലെന്നും ഭരണസമിതി വ്യക്തമാക്കി.