nadakam

തൃശൂർ : കൊവിഡ് മഹാമാരിയിൽ അരങ്ങ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ നാടകമേഖലയ്ക്ക് പ്രതീക്ഷയേകി സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന് തീരശീല ഉയരും. പത്ത് നാടകങ്ങളാണ് അരങ്ങിലെത്തുക. ഇന്ന് മുതൽ 29 വരെ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായാണ് നാടകങ്ങൾ അവതരിപ്പിക്കുക. 2019 ലെ പ്രൊഫഷണൽ നാടകമത്സരമാണ് നടക്കുന്നത്. നാടക സംഘങ്ങൾക്കുള്ള ധനസഹായം ഇത്തവണ ഒരു ലക്ഷമാക്കി.

പുതിയ സീസൺ ആരംഭിച്ചെങ്കിലും ഒറ്റ സമിതികളും പുതിയ നാടകം രംഗത്തിറക്കിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം പൂർണ്ണമായും നീക്കാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ നാടകം ഇറക്കാൻ സമിതികൾ തയ്യാറാകുന്നില്ല. ഇന്ന് രാവിലെ 9.30 ന് അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. അക്കാഡമി വൈസ്‌ ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും.

ഇന്ന് അന്നവും, അമ്മയും അരങ്ങിൽ

ഇന്ന് രാവിലെ പത്തിന് കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ അന്നം എന്ന നാടകമാണ് ആദ്യം അരങ്ങിലെത്തുക. വൈകീട്ട് അഞ്ചിന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും. നാളെ തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, കണ്ണൂർ നാടകസംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും അവതരിപ്പിക്കും.

മറ്റ് നാടകങ്ങൾ

27ന് സംസ്‌കൃതി വെഞ്ഞാറമൂടിന്റെ ജീവിതപാഠം. വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി. 28ന് കണ്ണൂർ സംഘചേതനയുടെ ഭോലാറാം. തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക്. 29ന് കായകുളം കെ.പി.എ.സിയുടെ മരത്തൻ 1892. കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി

പ്രവേശനം 250 പേർക്ക്

ഇന്ന് മുതൽ അക്കാഡമിയിൽ നടക്കുന്ന നാടക മത്സരം കാണുന്നതിന് 250 പാസുകളാണ് വിതരണം ചെയ്തത്. പാസ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് പ്രവേശനം. പാസ് ലഭിച്ചവർക്ക് പത്ത് നാടകം കാണാം. പാസിനൊപ്പം രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും ഹാജരാക്കണം.