zoo

തൃശൂർ: കൊവിഡ് മഹാമാരിക്ക് ശേഷം,​ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷികളെയും മൃഗങ്ങളെയും മാറ്റും മുൻപേ,​ കുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച് തൃശൂർ മൃഗശാല. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് പ്രവേശനം. വാക്‌സിനെടുത്ത രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് പ്രവേശനം അനുവദിക്കും.
വാക്‌സിന്റെ പകർപ്പോ മൊബൈലിലെ കോപ്പിയോ പ്രവേശനകവാടത്തിൽ കാണിക്കണം. സാധാരണ തിങ്കളാഴ്ചകളിൽ മ്യൂസിയവും മൃഗശാലയും അവധിയാണെങ്കിലും ഇന്ന് തുറക്കാനായിരുന്നു തീരുമാനം. ഇനിയുള്ള തിങ്കളാഴ്ചകളിൽ അവധിയാകും. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ ഈ വർഷം തന്നെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം പക്ഷികളെയാകും മാറ്റുക. കൂടുകൾ തയ്യാറാവുന്നത് അനുസരിച്ച് മറ്റ് മൃഗങ്ങളെ കൊണ്ടുപോകും. കഴിഞ്ഞ വർഷം വയനാട്ടിൽ നിന്ന് പിടികൂടിയ കടുവയെയാണ് മൃഗശാലയിൽ അവസാനമെത്തിച്ചത്. അതിനുശേഷം മൃഗങ്ങളെ പാർപ്പിക്കാൻ അനുമതി ലഭിച്ചിട്ടില്ല. മൃഗങ്ങളെ മാറ്റിയാൽ ഇവിടെ സാംസ്‌കാരിക സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം.

ലോക് ഡൗണിൽ നഷ്ടം കോടിയിലേറെ

തൃശൂർ മൃഗശാലയുടെ ശരാശരി മാസവരുമാനം 12 ലക്ഷം രൂപയാണ്. വേനലവധിക്കാലത്ത് അതിലേറെ വരുമാനമുണ്ടാകും. ലോക് ഡൗണിൽ മാർച്ച് 11 മുതൽ അടച്ചിട്ടിരുന്നു. മൂന്നര മാസത്തിനുള്ളിൽ തന്നെ അരക്കോടി രൂപയോളമായിരുന്നു നഷ്ടം. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർ മൃഗശാല പ്രവർത്തനമാരംഭിച്ചെങ്കിലും 10 വയസിന് താഴെയും 60ന് മുകളിലുമുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഹിപ്പോപ്പൊട്ടാമസ്, കടുവ എന്നിവയെ പാർപ്പിച്ച സ്ഥലങ്ങളിലേക്ക് ആദ്യഘട്ടത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. മൃഗശാലയിലെ പാർക്കിലേക്കും സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നില്ല. ത്രീഡി തിയേറ്ററും പ്രവർത്തിച്ചിരുന്നില്ല. ഇതോടെ സന്ദർശകരും കുറഞ്ഞു. ചുരുക്കത്തിൽ ഒന്നരവർഷത്തിനിടെയുണ്ടായ നഷ്ടം കോടിയിലേറെ വരും.

പ്രവേശനം ഇങ്ങനെ

പ്രവേശനഫീസ് മുതിർന്നവർക്ക്: ഇരുപത്

കുട്ടികൾക്ക് : അഞ്ച്

സമയം രാവിലെ 9- വൈകിട്ട് 5 വരെ

തുറക്കുന്നത്

മ്യൂസിയം, ത്രീഡി തിയേറ്റർ

കുട്ടികളുടെ പാർക്ക്

സ്‌നേക്ക് മ്യൂസിയം

59 ജീവിവർഗങ്ങൾ

500ഓളം മൃഗങ്ങൾ

മൃഗശാല തുറക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. രണ്ട് വാക്‌സിനേഷൻ പൂർത്തിയായ എല്ലാവർക്കും പ്രവേശനമുണ്ടാകും. പ്രായപരിധിയില്ല.

വി. രാജേഷ്

സൂപ്രണ്ട്, തൃശൂർ മൃഗശാല.