തൃശൂർ: ഈ മാസം മാത്രം പെയ്ത അപ്രതീക്ഷിത മഴയിൽ ജില്ലയിലെ 2692 ഹെക്ടറുകളിലായുളള മുണ്ടകപ്പാടങ്ങളിൽ നശിച്ചത് 40.73 കോടിരൂപയുടെ നെല്ല്. പ്രാഥമികകണക്കാണിതെങ്കിലും അടുത്തകാലത്തൊന്നും ഒക്ടോബറിൽ ഇത്രയും വ്യാപകമായ നാശമുണ്ടായിട്ടില്ലെന്നാണ് നിഗമനം. അന്തിമമായ കണക്കെടുപ്പും കൃഷിനാശം സംബന്ധിച്ച പരിശോധനകളും നവംബർ പത്തിനുളളിൽ പൂർത്തിയാകുമ്പോൾ കണക്കിൽ കുറവുണ്ടായേക്കുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രകൃതിക്ഷാോഭത്തിൽ നശിച്ചാൽ 13,500 രൂപയാണ് ഒരു ഹെക്ടറിന് നഷ്ടപരിഹാരം ലഭിക്കുക. വിള ഇൻഷ്വറൻസ് വഴി 35,000 രൂപയും കേന്ദ്രസർക്കാരിൻ്റെ ഇൻഷ്വറൻസിൽ അംഗമായവർക്ക് 80,000 രൂപയും ലഭിക്കും.
700 ഏക്കറിൽ 650 കർഷകർ കൃഷിചെയ്യുന്ന പുല്ലഴി കോൾപടവിൽ മാത്രം 70 ഏക്കറിൽ പൂർണമായും 30 ഏക്കറിൽ ഭാഗികമായും കൃഷി നശിച്ചിരുന്നു. 50 എച്ച്.പിയുടെ ആറ് മോട്ടറുകൾ പ്രവർത്തിപ്പിച്ചാണ് വെള്ളം വറ്റിക്കൽ ജോലികൾ നടത്തിയിരുന്നത്. കഴിഞ്ഞ മാസം പെയ്ത മഴയിലും മുന്നൂറോളം ഏക്കറിൽ കൃഷി നശിച്ചിരുന്നു. ചേറ്റുപുഴ കിഴക്കേ കോൾപ്പടവിൽ 110 ഏക്കറിലാണ് കൃഷി വെള്ളത്തിലായത്.
മുല്ലശ്ശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തുകളിലായി നശിച്ചത് 1085 ഏക്കർ നെൽക്കൃഷിയാണ്. പല പാടശേഖരങ്ങളിലും വിത, നടീൽ കഴിഞ്ഞിരിക്കുമ്പോഴാണ് മഴയിൽ മുങ്ങിയത്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി, കൃഷി നശിച്ചവർക്ക് പലയിടങ്ങളിലും വിത്ത് വിതരണം ചെയ്യും. വിത്തിനൊപ്പം പണിക്കൂലി ഇനത്തിൽ ധനസഹായവും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പത്ത് ദിവസത്തിനുളളിൽ നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാണ് നിർദ്ദേശം.
ജില്ലയിൽ
കാലവർഷം പിൻവാങ്ങുകയും തുലാവർഷത്തിന്റെ മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഡാമുകൾ തുറന്നു വിട്ടതിനെത്തുടർന്ന് മണലും ചെളിയും മാലിന്യങ്ങളും വന്നടിഞ്ഞതും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങിയതോടെയാണ് വയലുകളിൽ ഇവ അടിഞ്ഞിരിക്കുന്നത് കണ്ടത്. വേലൂർ, കീഴ് തണ്ടിലം, പുലിയന്നൂർ, തയ്യൂർ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് കൃഷിയിറക്കാൻ കഴിയാതായത്.
വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. അതിനാൽ കർഷകർക്ക് ഇൻഷ്വറൻസ് ലഭ്യമാക്കുന്നത് അടക്കമുളള നടപടിക്രമങ്ങൾ വളരെ പെട്ടെന്ന് തന്നെ നടപ്പാക്കും.
- ടി.വി. ജയശ്രീ, പ്രിൻസിപ്പൽ കൃഷി ഓഫീസർ