vellakkettu

തൃശൂർ : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സമർപ്പിച്ച റിപ്പോർട്ടുകളിലെ ദീർഘകാല പദ്ധതികൾ ഇപ്പോഴും ഫയലിൽ. 2004 ജൂൺ മാസത്തിലുണ്ടായ അപ്രതീക്ഷിതമായ വെള്ളക്കെട്ടിനെ തുടർന്ന്, വിഷയം പഠിക്കാൻ കേരള ജലവിഭവ വകുപ്പിലെ മുൻ ചീഫ് എൻജിനീയറും പാട്ടുരായ്ക്കൽ സ്വദേശിയുമായ എച്ച്. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള തൃശൂർ എൻജിനീയേഴ്‌സ് സെന്ററിനെ കോർപറേഷൻ ചുമതലപ്പെടുത്തിയിരുന്നു.

ആ വർഷത്തിൽ പഠനം പൂർത്തിയാക്കി, പ്രാഥമിക റിപ്പോർട്ട് നൽകി കോർപറേഷൻ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്നത് മൂലം, പഠന റിപ്പോർട്ട് കാണാമറയത്തായി. ഒറ്റപ്പെട്ട ചില ഡിവിഷനുകളിൽ മാത്രമാണ് നിർദ്ദേശിക്കപ്പെട്ട ചില പ്രവർത്തനങ്ങളെങ്കിലും നടന്നത്.

പിന്നീട് 2018, 2019 വർഷങ്ങളിൽ തുടർച്ചയായുണ്ടായ വെള്ളക്കെട്ടുണ്ടായ അവസരത്തിലാണ് അന്നത്തെ റിപ്പോർട്ട് ഉയർന്നുവന്നത്. കൗൺസിലർ പൂർണ്ണിമ സുരേഷ്, നാരായണസ്വാമി സമിതി റിപ്പോർട്ട് കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. തൃശൂർ എം.എൽ.എ കൂടിയായിരുന്ന മന്ത്രി വി.എസ് സുനിൽ കുമാർ വിഷയത്തിൽ താല്പര്യമെടുത്ത്,​ വിവിധ വകുപ്പുകളെയും കോർപ്പറേഷനെയും സംയോജിപ്പിച്ച് റിപ്പോർട്ട് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും കോർപ്പറേഷനും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ ഹ്രസ്വകാല പദ്ധതികൾ പലതും പൂർത്തിയായി. അതിന്റെ ഗുണം തുടർന്നുള്ള വർഷങ്ങളിൽ നഗരവാസികൾക്ക് ലഭിക്കും. എന്നാൽ പല ദീർഘകാല പദ്ധതികളും തുടങ്ങിയിടത്തുതന്നെയാണ്.

നടത്തേണ്ട പ്രധാന പ്രവർത്തനങ്ങൾ ഇവ


ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ ആധുനീകരണം.

ഏനാമാവ് റെഗുലേറ്ററിന്റെ നിർമ്മാണക്കരാർ നൽകി

ഇടിയഞ്ചിറയിൽ കരാർ അകലെ

അധികജലം കനാലിൽ നിന്നും പുറന്തള്ളാനായി റെഗുലേറ്ററുകളോട് ചേർന്ന് 'ആക്‌സിയൽ ഫ്‌ളോ പമ്പുകൾ' സ്ഥാപിക്കൽ

പാലങ്ങൾക്കും കലുങ്കുകൾക്കും താഴെ ജലമൊഴുക്കിന് വിഘാതമായി നില കൊള്ളുന്ന നിരവധി പൈപ്പും കേബിളും നിരത്തിന്റെ മുകളിലേക്ക് ഉയർത്തൽ

കനാലുകളിൽ, കൃഷി നടക്കാത്തയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പഴയ നിർമ്മിതികളെല്ലാം പൊളിച്ചു നീക്കൽ

താണിക്കുടം പുഴയും കുണ്ടുവാറ തോടും ആഴം കൂട്ടി, വശങ്ങൾ കെട്ടി സംരക്ഷിക്കൽ

പഴയ ചീപ്പുകൾ (പാറക്കുളം, കല്ലായി തുടങ്ങിയവ) പുതുക്കി പണിയുക

പുഴയ്ക്കലിനും കുറിഞ്ഞായ്ക്കലിനും ഇടയിൽ കെ.എൽ.ഡി.സി കനാലിന്റെ പടിഞ്ഞാറ് ബണ്ടിൽ, അധിക ജലം അടാട്ട് പാടത്തേയ്ക്ക് മറിയാനാവശ്യമായ ചപ്പാത്ത് നിർമ്മിക്കൽ