citu

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട് നിർമ്മാണത്തിനായി കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാനായി നോക്കുകൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ ജയിലിൽ കഴിയുന്ന 10 സി.ഐ.ടി.യു തൊഴിലാളികൾക്കായി ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

മലാക്കയിലെ കദളിക്കാട്ടിൽ വീട്ടിൽ പ്രകാശന്റെ വീട് നിർമ്മാണത്തിനായി കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനായി നോക്കുകൂലി ആവശ്യപ്പെടുകയും വാക്കേറ്റത്തിനിടെ പ്രകാശന്റെ കൈ തല്ലി ഒടിക്കുകയുമായിരുന്നു. ഭാര്യ പ്രസീത, സഹോദരൻ പ്രശാന്ത് എന്നിവർക്കും പരിക്കേറ്റിരുന്നു. വീട്ടുടമയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ലേബർ ഓഫീസർ സി.ഐ.ടി.യു തൊഴിലാളികളുടെ തൊഴിൽ കാർഡ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു മാസത്തേക്ക് തൊഴിലെടുക്കാനാകില്ല.

കാർഡ് റദ്ദാക്കാതിരിക്കാൻ കാരണം വിശദീകരിക്കേണ്ടി വരും. ഗ്രാനൈറ്റ് കൊണ്ടുവന്ന വലിയ ലോറി വീടിന്റെ അടുത്തേക്കെത്താൻ കഴിയാത്തതിനാൽ ചെറിയ ടിപ്പർ ലോറിയിലാണ് ഗ്രാനൈറ്റ് വീട് വരെയെത്തിച്ചത്. ഈ വാഹനത്തിന്റെ ഡ്രൈവർ മുഖേനയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. ഇയാളുടെ ഫോൺ സന്ദേശം തെളിവായി എടുത്തു. സംഭവത്തിൽ 10 സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ റിമാൻഡിലാണ്.