mmmmനവീകരണത്തിനൊരുങ്ങുന്ന കായിക്കുളം.

അരിമ്പൂർ: പഞ്ചായത്ത് പതിനാലാം വാർഡിൽ പൊതുകുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്യാപ്ടൻ ലക്ഷ്മി അംഗനവാടിക്ക് സമീപമുള്ള കണ്ണംകായിക്കുളം നവീകരിക്കുന്നതിന് പതിനേഴര ലക്ഷം രൂപ വകയിരുത്തി. പ്രദേശത്തെ പുഞ്ചപാടങ്ങളിലെ കൃഷിയാവശ്യങ്ങൾക്കും കിണറുകളിലെ നീരൊഴുക്ക് പുഷ്ടിപ്പെടുത്തുന്നതിനും ഈ കുളത്തിലെ ജലസമൃദ്ധി അത്യാവശ്യ ഘടഘമാണ്. കുളം നവീകരിക്കുന്നതോടെ പൊതുജനങ്ങൾക്ക് തീന്തൽക്കുളമായും സമീപവാസികൾക്ക് ജല സംഭരണിയായും ഉപയോഗപ്പെടുത്താനാകും. വെളുത്തൂർ കൈപ്പിള്ളി അകം പാടത്തിന്റെ 906 ചാലിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പുതിയ ചാൽ നിർമ്മിച്ച് വെള്ളം കുളത്തിൽ എത്തിച്ചാണ് 35 വർഷമായി തരിശായി കിടന്നിരുന്ന ഏകദേശം മൂന്നര ഏക്കറോളം നെൽപ്പാടം കൃഷിയോഗ്യമാക്കിയത്.

ഇത് പരിസര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. കുളത്തിന് ചുറ്റും ചാക്കിൽ മണ്ണ് നിറച്ച് ബണ്ട് ഉയർത്തി വെള്ളം സംരക്ഷിച്ചാണ് കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കൃഷിയും ഈ കുളത്തിൽ നടപ്പാക്കിയിരുന്നു. വർഷംതോറും ചാലിൽ മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നത് പതിവായിരുന്നു. ഇതുമൂലം ആവശ്യമായ ഇടങ്ങളിൽ വെള്ളം എത്താത്ത സ്ഥിതിയുമുണ്ടായിരുന്നു. അതിന് ഒരു പരിഹാരമെന്നോണമാണ് പൊതുകുളം നവീകരിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുന്നതെന്ന് വാർഡ് അംഗം സലിജ സന്തോഷും, വാർഡ് വികസന സമിതി കൺവീനർ കെ.ആർ സുകുമാരനും പറഞ്ഞു.