veedu-thakrnnuകനത്ത മഴയിൽ എടത്തിരുത്തിയിൽ തകർന്നു വീണ കൊല്ലാറ ജാനകി ബാലകൃഷ്ണന്റെ വീട്.

കയ്പമംഗലം: കനത്ത മഴയിൽ എടത്തിരുത്തിയിൽ വീട് തകർന്നു വീണു. കൊല്ലാറ സെന്ററിന് കിഴക്ക് കൊല്ലാറ ജാനകി ബാലകൃഷ്ണന്റെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. കാലപ്പഴക്കം മൂലം വീട് വാസയോഗ്യമല്ലാതായതോടെ ജാനകിയും കുടുംബവും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ജാനകിയുടെ മകൻ ക്ഷീര കർഷകനായ ഹേമലാലും, ഭാര്യ സിന്ധുവും പുലർച്ചെ പശുവിനെ പരിചരിക്കാൻ എത്തിയപ്പോഴാണ് വീട് തകർന്ന് വീഴുന്നത്. മോട്ടോർ പമ്പ് പ്രവർത്തിക്കുന്നതിനായി സിന്ധു അടുക്കളയിൽ എത്തിയപ്പോഴാണ് അടുക്കളയുടെ ഒരു ഭാഗം തകർന്നത്. ശബ്ദം കേട്ട് സിന്ധു ഓടി രക്ഷപ്പെടുകയായിരുന്നു. 2018ലെ പ്രളയത്തിൽ വീട് പകുതിയോളം മുങ്ങിയിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.