പാവറട്ടി: തോളൂർ പഞ്ചായത്തിൽ ഇടക്കളത്തുർ മേഞ്ചിറ കോൾപടവിലെ ബണ്ട് പൊട്ടിയതോടെ കൃഷിയിറക്കാനാകാതെ കർഷകർ ആശങ്കയിലായി. കൃഷിപ്പണിക്ക് വേണ്ടി വെള്ളം വറ്റിക്കുന്ന പെട്ടിയും പറയും മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തള്ളിപ്പോയി. പെട്ടീം പറയും സ്ഥാപിച്ച സ്ഥലത്തെ ബണ്ടാണ് പൊട്ടിയത്. മഴയിൽ മുങ്ങി നശിച്ച കൃഷിക്ക് പകരം കൃഷയിറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിടെയാണ് ബണ്ട് പൊട്ടിയത്. കൃഷിയിറക്കാൻ ഇനിയെന്ന് കഴിയുമെന്ന ആശങ്കയിലാണ് കർഷകർ.
വാഴാനി ഡാമിൽ നിന്നും കേച്ചേരിപ്പുഴ വഴി എത്തുന്ന വെള്ളം മേഞ്ചിറ പടവിന്റെ ബണ്ട് കവിഞ്ഞ് പാടത്തേക്കാണ് ഒഴുകി എത്തുന്നത്. കാളിപ്പാടം വഴി ഒഴുകി പോകേണ്ട വെള്ളം പാടത്തേയ്ക്ക് എത്തിയതോടെയാണ് ബണ്ട് പൊട്ടിയത്.
185 ഏക്കർ വരുന്ന പടവിലേക്ക് തയ്യാറാക്കിയ മൂന്നാഴ്ച പ്രായമായ ഞാറ്റടി മഴയിൽ മുങ്ങി നശിച്ചു. പാടശേഖരം മുഴുവൻ നടീലിനായി ഒരുക്കിയിരുന്നു. വെള്ളത്തിൽ മുങ്ങി ചീഞ്ഞ ഞാറ് ഇനി പറിച്ച് നടാൻ കഴിയാത്ത സ്ഥിതിയിലാണ്. പൊട്ടിയ ബണ്ട് പുന:സ്ഥാപിക്കാനും വെള്ളം വറ്റിക്കാനുള്ള പെട്ടീം പറയും ശരിയാക്കാനും വലിയ ബാദ്ധ്യതയാണ് കർഷകർക്ക് വന്നിട്ടുള്ളത്. മേഞ്ചിറ പടവിൽ വീണ്ടും കൃഷിയിറക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് പടവ് കമ്മിറ്റി കൺവീനർ കെ.കുഞ്ഞുണ്ണി ആവശ്യപ്പെട്ടു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ, കൃഷി ഓഫീസർ, എ.ഡി.സി. അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.