കുന്നംകുളം: പരിസ്ഥിതി സന്തുലനം തകർക്കുന്ന തിപ്പിലശ്ശേരിയിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനത്തനം തടയണമെന്ന ആവശ്യവുമായി പരിസരവാസികൾ രംഗത്ത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറികൾക്ക് അനുമതി കൊടുക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൽപാത്തികുന്നിൽ പട്ടികജാതി കോളനിയ്ക്ക് സമീപം അടുത്തിടെ ലൈസൻസ് അനുവദിച്ച ക്വാറിയ്ക്കെതിരെ പ്രാധാനമന്ത്രിയ്ക്ക് അടക്കം പരാതി നൽകിയിട്ടും ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഹരിത ട്രൈബ്യൂണൽ അനുശാസിക്കുന്ന 200 മീറ്റർ ദൂര പരിധി ലംഘിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിക്കുന്നത്. ഖനനം നടക്കുന്ന സ്ഥലത്ത് നിന്നും 150 മീറ്റർ ദൂരത്തിനുള്ളിൽ 16 കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു ക്ഷേത്രവും സമീപമുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതികരിക്കുന്നവരെ പണം നൽകി വശത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ക്വാറി മാഫിയകൾ ചെയ്യുന്നതെന്നും പറയുന്നു. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സ്വാധീനം മൂലം പരാതികൾ കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. ക്വാറിയുടെ പ്രവർത്തനം അനധികൃതമാണെന്നു കാണിച്ച് തിപ്പിലശ്ശേരി എരിഞ്ഞിപ്പുറത്ത് ഉണ്ണിക്കൃഷ്ണനാണ് പ്രധാനമന്ത്രിയ്ക്ക് പരാതി നൽകിയത്. തുടർന്ന് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയിരുന്നു. ദൂരപരിധി അടക്കം പരാതിയിൽ ഉന്നയിച്ച വിഷയങ്ങളെല്ലാം വസ്തുതാപരമാണെന്ന് കാണിച്ച് കുന്നംകുളം തഹസിൽദാർക്ക് റിപ്പോർട്ടും നൽകി. ക്വാറിയുടെ എന്നവകാശപ്പെടുന്ന സ്ഥലത്തെ 1 ഏക്കർ 10 സെന്റ് സ്ഥലം പുറമ്പോക്കാണെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് സമർപ്പിച്ച് 3 മാസം കഴിഞ്ഞിട്ടും തുടരന്വേഷണം ഉണ്ടായില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അധികൃതർ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദൂരപരിധി അടക്കം പരാതിയിൽ ഉന്നയിച്ച വിഷയങ്ങളെല്ലാം വസ്തുതാപരമാണെന്ന് കാണിച്ച് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസർ കുന്നംകുളം തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. ക്വാറി സ്ഥലത്തെ 1 ഏക്കർ 10 സെന്റ് സ്ഥലം പുറമ്പോക്കാണെന്ന് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് സമർപ്പിച്ച് 3 മാസം കഴിഞ്ഞിട്ടും തുടരന്വേഷണം ഉണ്ടായില്ല

ഉണ്ണിക്കൃഷ്ണൻ
(പരിസരവാസി, പരാതി സമർപ്പിച്ചയാൾ)