ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു. കോസ്റ്റൽ പൊലീസ് സംഘം സ്പീഡ് ബോട്ടുമായെത്തി രക്ഷപ്പെടുത്തി. കടപ്പുറം ഗ്രാമ പഞ്ചായത്ത് വെളിച്ചെണ്ണപ്പടി ഹസീബിന്റ ഉടമസ്ഥതയിലുള്ള ബിലാൽ എന്ന ബോട്ടിലെ തൊഴിലാളി അഞ്ചങ്ങാടി സുനാമി കോളനിയിലെ പുതിയേടത്ത് മുജീബാണ്(47) ബോട്ടിൽ കുഴഞ്ഞ് വീണത്. അഴിമുഖം പടിഞ്ഞാറ് വശത്ത് മത്സ്യബന്ധനത്തിനിടെ ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സി.ഐ ഫൈസലിന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘം ഉടൻ തന്നെ സ്പീഡ് ബോട്ടുമായി കുതിച്ചെത്തുകയായിരുന്നു. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഇയാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പൊലീസ് എസ്.ഐ അനിരുദ്ധൻ,സി.പി.ഒ സാജൻ, ലസ്‌കർ സജീവൻ, ബോട്ട് സ്രാങ്ക് അഖിൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.