cadaver

ചാലക്കുടി: രണ്ട് കൈയിലെ ആൽബിൻ പോളിലൂടെ ആറ് പേർ ജീവിക്കും. അപകടത്തിൽപെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച വീരഞ്ചിറ തട്ടകത്ത് പൗലോസിന്റെ മകൻ ആൽബിൻ പോളിന്റെ ഹൃദയം അടക്കമുള്ള ആറ് അവയവങ്ങളാണ് പല സ്ഥലങ്ങളിലെ വിവിധ ആളുകൾക്കായി ലഭിക്കുക. ഇതിന്റെ ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയായി. കറുകുറ്റി അപ്പോളോ ആശുപത്രിയിലായിരുന്നു ആൽബിൻ പോളിന്റെ മരണം. രണ്ട് ദിവസം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ വീട്ടുകാർ മഹാദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഹൃദയം, കരൾ, നേത്ര പടലങ്ങൾ, വൃക്കകൾ എന്നിവയാണ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 18നായിരുന്നു ആൽബിന് അപകടം സംഭവിച്ചത്. സഹോദരൻ സെബിനുമായി വരുമ്പോൾ കൊരട്ടിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗൾഫിലായിരുന്ന ആൽബിൻ പിന്നീട് നാട്ടിൽ മറ്റൊരു ജോലിയിലായിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. നാലുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്.